ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ നദി കടന്ന് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ മുതലയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ഒഴുക്കിൽപ്പെട്ട് എട്ട് പേർ ഒഴുക്കിൽപ്പെട്ടു. ചിലവാഡ് ഗ്രാമത്തിലെ ചമ്പൽ നദിയിലാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. രാജസ്ഥാനിലെ കൈലാ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു ഇവർ. നദി മുറിച്ചുകടക്കുന്നതിനിടെ സംഘത്തെ മുതല ആക്രമിച്ചതായും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നും പൊലീസ് പറഞ്ഞു. പ്രാദേശിക മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു. അഞ്ച് പേർക്കുള്ള തിരച്ചിൽ ഊർജിതമാക്കി. നദി മുറിച്ചു കടക്കാൻ പാലമോ ബോട്ടോ ഇല്ലാത്ത സ്ഥലത്താണ് ദാരുണമായ സംഭവം നടന്നത്.
അപകടകരമായ പ്രദേശത്ത് നദി മുറിച്ചുകടക്കുമ്പോൾ ഭക്തർ പരസ്പരം കൈകൾ മുറുകെ പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഒമ്പത് പേർ നീന്തി കരക്ക് കയറിയെന്ന് പൊലീസ് പറഞ്ഞു. ഷിയോപൂർ ജില്ലയിലെ ബിർപൂരിൽ നിന്നും മൊറേന ജില്ലയിലെ ടെൻട്ര പൊലീസ് സ്റ്റേഷനിൽ നിന്നുമുള്ള പൊലീസും എസ്ഡിആർഎഫ്, മെഡിക്കൽ ടീമുകൾ, സിവിൽ ഡിഫൻസ് ടീമുകൾ എന്നിവരും സ്ഥലത്തെത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഉത്തരവിടുകയും ചെയ്തു. ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ആദ്യം കരുതിയത്. എന്നാൽ, മൃതദേഹത്തിലെ പല്ലിന്റെ പാടുകൾ മുതലയുടെ ആക്രമണമാണ് ദുരന്തത്തിന് കാരണമായതെന്ന സൂചന നൽകി. നൂറുകണക്കിന് മുതലകളുള്ള നദിയാണ് ചമ്പൽ.