എടക്കര: മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായ പോത്തുകല്ലില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ ഒരാള്‍കൂടി മരിച്ചു. പാതാര്‍ ഇടമലയില്‍ മാത്യുവിന്റെ മകന്‍ ടെനീഷ് (34) ആണ് മുക്കം കെ.എം.സി.ടിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ 12.30ഓടെ മരിച്ചത്. മാർച്ച് ഒന്നിനാണ് ടെനീഷിനെ കെ.എം.സി.ടിയില്‍ പ്രവേശിപ്പിച്ചത്.
മരണകാരണം മഞ്ഞപ്പിത്തമോ എലിപ്പനിയോ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഇതുവെര സ്ഥിരീകരിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടതിനാൽ രക്തപരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവായിരുന്നു. ശാരീരികാസ്വസ്ഥതകള്‍ കൂടിയതിനെ തുടര്‍ന്ന് വീണ്ടും രക്തപരിശോധന നടത്തി. ഈ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു. പിന്നീട് എലിപ്പനി ലക്ഷണങ്ങള്‍ കണ്ടതിനാല്‍ രക്തസാമ്പിൾ പരിശോനക്ക് അയച്ചെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
മരണകാരണം മഞ്ഞപ്പിത്തമാകാൻ സാധ്യതയില്ലെന്നും എലിപ്പനി ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ പരിശോധനഫലം പുറത്ത് വന്നാലെ കാരണം വ്യക്തമാകൂവെന്നും ജില്ല മെഡിക്കൽ ഓഫിസർ ആർ. രേണുക ‘മാധ്യമ’ത്തോട് പറഞ്ഞു. മേരിയാണ് ടെനീഷിന്റെ മാതാവ്. ഭാര്യ: ദീപ. മക്കള്‍: ആദം മാത്യൂസ്, ഇവാന്‍ വിന്‍സന്റ്. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് പൂളപ്പാടം സെന്റ് ജോര്‍ജ് കാത്തലിക് ചര്‍ച്ച് സെമിത്തേരിയില്‍.