കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ബിസിനസുകാരനില്‍ നിന്ന് 43 ലക്ഷം രൂപ കൈക്കലാക്കിയ മൂന്ന് യുവാക്കളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പറക്കുളം സ്വദേശികളായ ചോലയില്‍ മുഹമ്മദ് മുസ്തഫ (23), യൂസഫ് സിദ്ദീഖ് (21), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടില്‍ മുഹമ്മദ് അര്‍ഷാക് (21) എന്നിവരാണ് പിടിയിലായത്. എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെയാണ് സംഘം കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പ്രതികള്‍ ‘വല്‍വാല്യൂ ഇന്ത്യ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും നിരന്തരമായി മെസേജുകള്‍ അയച്ച് ടെലഗ്രാമില്‍ Google Maps Review VIP എന്ന ഗ്രൂപ്പില്‍ തെറ്റിദ്ധരിപ്പിച്ച് ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ടാസ്‌കുകള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ആയതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. നടക്കാവ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.ജെ ജിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊലീസ് അറിയിപ്പ്: ‘ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.’