കണ്ണൂര്‍ : സര്‍ക്കാര്‍ ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് എടുക്കാന്‍ ക്യൂ നിന്നയാളോട് ചെരുപ്പ് പുറത്തിട്ടിട്ടിട്ടു വരാന്‍ ആക്രോശം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ കൊട്ടിയൂര്‍ നെല്ലിക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഈ ദുരനുഭവം ഉണ്ടായത്. സുഹൃത്തിനെയും കൊണ്ട് ആശുപത്രിയിലെത്തിയ കൊട്ടിയൂര്‍ വടക്കേടത്ത് രാഹുല്‍ രാജിനാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഈ അനുഭവം. 2022 ജനുവരി ഏഴിനായിരുന്നു പരാതിക്കിടയാക്കിയ സംഭവം. സുഹൃത്തിനുവേണ്ടി ഒ.പി ടിക്കറ്റിന് ക്യു നില്‍ക്കുകയായിരുന്നു രാഹുല്‍ രാജ്. ഈ സമയം അവിടെയെത്തിയ ഒരു ജീവനക്കാരന്‍ ക്യൂവില്‍ മൊത്തത്തില്‍ നോക്കിയതിനുശേഷം രാഹുല്‍ രാജിനു നേരെ തിരിഞ്ഞു. “നിനക്ക് മാത്രം എന്താ നിയമം ബാധകമല്ലേ, ചെരുപ്പ് പുറത്ത് അഴിച്ചിട്ടിട്ട് വരൂ ” എന്ന് പറഞ്ഞു.
ഇദ്ദേഹം പറഞ്ഞത് നിയമപരമായ നടപടി അല്ലെന്ന് വ്യക്തമായി അറിയാവുന്ന രാഹുല്‍ ചെരുപ്പ് അഴിച്ചുവെക്കാതെ ക്യൂവില്‍ തുടര്‍ന്നു. ഇതോടെ ജീവനക്കാരന്‍ കൂടുതല്‍ കോപാകുലനായി. തുടര്‍ന്ന് ഒ.പി കൗണ്ടറിൽ ഇരുന്ന സ്റ്റാഫിന് ഇയാള്‍ കര്‍ശന ഉത്തരവും നല്‍കി. ” ചെരുപ്പ് പുറത്ത് അഴിച്ചു വെച്ചതിനു ശേഷം മതി ഇയാൾക്ക് ഒ.പി ടിക്കറ്റ് കൊടുക്കുന്നത് എന്ന്. ഈ ഉത്തരവ് നല്‍കിയ ജീവനക്കാരനും അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റു ജീവനക്കാരും കാലില്‍ ചെരുപ്പ് ധരിച്ചിരുന്നു. ചെരുപ്പ് ധരിച്ചു നില്‍ക്കുന്ന തനിക്ക് ഒ.പി ടിക്കറ്റ് കിട്ടില്ലെന്ന് മനസ്സിലാക്കിയ രാഹുല്‍ രാജ് കൂടുതല്‍ തര്‍ക്കത്തിനോ വഴക്കിനോ മുതിര്‍ന്നില്ല. കാരണം രാഹുല്‍ രാജിനോട് ചെരിപ്പഴിച്ചു വെക്കാന്‍ പറഞ്ഞ ജീവനക്കാരന്‍ ഒരു അംഗപരിമിതന്‍ ആയിരുന്നു.
എന്തെങ്കിലും തര്‍ക്കം ഉണ്ടായാല്‍ വാദി പ്രതിയാകുന്ന അവസ്ഥയുണ്ടാകുമെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നു പറഞ്ഞ് ഇയാള്‍ കേസുകൊടുക്കുമെന്നും രാഹുല്‍ ഭയന്നു. തന്നെയുമല്ല ഇത്തരം ഒരു ഉത്തരവ് പുതിയതായി ഇറങ്ങിയോ എന്നും സംശയിച്ചു. അതുകൊണ്ടുതന്നെ കൊച്ചുകുട്ടികളെപ്പോലെ ആ “എമ്മാന്‍” പറഞ്ഞ കാര്യങ്ങള്‍ അതേപടി അനുസരിച്ചു. ചെരുപ്പ് ഊരി പുറത്ത് ഇട്ടതിനുശേഷം എത്തി ഒ.പി ടിക്കറ്റ് എടുത്തു. പുറത്തിറങ്ങിയ രാഹുല്‍ രാജ് അന്നുതന്നെ വിവരാവകാശ അപേക്ഷ നല്‍കി. 1) ഇത്തരത്തിലൊരു നിയമം കേരളത്തിൽ നിലവിൽ ഉണ്ടോ?. 2) നിയമം ഉണ്ടെങ്കിൽ അത് ജീവനക്കാർക്ക് ബാധകമാണോ ?. 3) നിയമമില്ല എങ്കില്‍ ജീവനക്കാരനെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടിക്ക് സാധ്യതയുണ്ടോ ?. ഇവയായിരുന്നു ചോദ്യങ്ങള്‍. സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയില്‍ ഇങ്ങനെ ഒരു നിയമം ഇല്ലെന്നും ജീവനക്കാര്‍ക്ക് ഈ വിഷയത്തില്‍ പ്രത്യേക ആനുകൂല്യം ഇല്ലെന്നും വ്യക്തമാക്കിയിരുന്നു.