ന്യൂഡൽഹി : ഇസ്രയേലിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യമായ ഓപ്പറേഷൻ അജയ് ഇന്ന് തുടങ്ങും. പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയാണ് രക്ഷാദൗത്യം. രാജ്യത്തേക്ക് മടങ്ങിവരാൻ ഇന്ത്യൻ എംബസി വഴി രജിസ്റ്റർ ചെയ്തവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റർ ചെയ്തവരെ രക്ഷാദൗത്യം സംബന്ധിച്ച കാര്യങ്ങൾ ഇന്ത്യൻ എംബസി അറിയിച്ചു. ഏകദേശം 18,000ത്തിലേറെ ഇന്ത്യക്കാർ ആണ് ഇസ്രയേലിൽ ഉള്ളത്. അതേസമയം ഇസ്രായേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തി. ആലുവയിൽ നിന്നുള്ള 48 അംഗ സംഘം ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വിമാനമിറങ്ങിയത്. റോക്കറ്റ് വർഷം നേരിട്ട് കണ്ടെന്നും ഈജിപ്ത് വഴിയാണ് രക്ഷപെട്ടെത്തിയതെന്നും തീർത്ഥാടകർ പറഞ്ഞു.