ദില്ലി : യുദ്ധത്തീയിൽ തുടരുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം തുടരുന്നു. ഓപറേഷൻ ഗംഗ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ന് ബുക്കാറസ്റ്റിലേക്ക് രണ്ട് വിമാനങ്ങൾ കൂടി അയയ്ക്കും. കേന്ദ്ര മന്ത്രി ഡോ.എസ്.ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഓപറേഷൻ ഗംഗയുടെ ഭാഗമായി നേരത്തെ രണ്ട് വിമാനങ്ങൾ ഇന്ത്യക്കാരേയും കൊണ്ട് ദില്ലിയിലെത്തിയിരുന്നു. മലയാളികൾ ഉൾപ്പെടെ 500ലേറെ പേരെ ഇതുവരെ ഇന്ത്യയിലെത്തിച്ചു.
ഇതിനു പുറമേയാണ് ഇന്ന് ബുക്കാറസ്റ്റിലേക്ക് രണ്ട് വിമാനങ്ങൾ കൂടി അയയ്ക്കുന്നത്. റഷ്യ യുദ്ധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് പരമാവധി വേഗത്തിൽ ഒഴിപ്പിക്കുന്നത്. സുരക്ഷിതരായി എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എന്നാൽ റഷ്യൻ അതിർത്തികൾ തുറന്നാൽ മാത്രമേ കൂടുതൽ പേരെ എത്തിക്കാൻ കഴിയു എന്നാണ് യുക്രൈനിൽ കുടുങ്ങിയവർ പറയുന്നത്. കീവിൽ മാത്രമല്ല സുമിയിലും റഷ്യൻ സേന കരമാർഗം പ്രവേശിച്ചിതാൻ സംഘർഷം രൂക്ഷമാണ്. അതിനാൽ തന്നെ ഒഴിപ്പിക്കൽ ദുഷ്കരമാകുമെന്നാണ് റിപ്പോർട്ടുകൾ.
പടിഞ്ഞാറൻ അതിർത്തിയിലെ നാല് രാജ്യങ്ങൾ വഴിയുള്ള രക്ഷാ പ്രവർത്തനം മാത്രമാണ് ഇപ്പോൾ ഇന്ത്യ നടത്തുന്നത്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ അതിർത്തികൾ വഴി മാത്രം 2000ലേറെ വരുന്ന മലയാളികൾ ഉൾപ്പെടെ 18000 ലേറെ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ എളുപ്പമാകില്ല. 800 മുതൽ 1000 കിലോമീറ്റർ വരെ റോഡ് , റെയിൽ മാർഗം സഞ്ചരിച്ച് അതിർത്തിയിലെത്തുക പ്രായോഗികമല്ലെന്ന് അവിടെ കുടുങ്ങി കിടക്കുന്നവർ പറയുന്നു.
പോളണ്ട്, ഹംഗറി, റുമേനിയ രാജ്യങ്ങൾ വഴി മാത്രമാണ് ഇപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നത്. അതിർത്തികൾ പലതും റഷ്യൻ സേന വളഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ യാത്ര സുരക്ഷിതവുമല്ല. മോൾട്ടോവ വഴി എത്തിക്കാനുളള ശ്രമം തുടങ്ങണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അതിർത്തി തുറന്നു തരണമെന്ന് കേന്ദ്ര സർക്കാർ തലത്തിൽ അഭ്യർഥന ഉണ്ടാകേണ്ടതുണ്ട്. ഒഡേസയിൽ നിന്നുള്ള ഇന്ത്യക്കാർക്ക് ഇത് ഗുണകരമാകും.
ഇതിനിടെ യുക്രൈനിൽ കുടുങ്ങി കിടക്കുന്ന മലയാളി കുട്ടികളുടെ രക്ഷിതാക്കൾ കൊച്ചിയിൽ കളക്ടറെ കണ്ടു. സുമിയിലെ അവസ്ഥ വളരെ മോശമെന്ന് രക്ഷിതാക്കൾ കളക്ടറെ അറിയിച്ചു. ഷെല്ലാക്രമണം രൂക്ഷമാണ്. അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുന്നുണ്ട്. പോളണ്ട് അതിർത്തിയിലേക്ക് 1200 കിലോമീറ്റർ ദൂരം ഉണ്ട്. അതുകൊണ്ട് തന്നെ സുമിയിൽ നിന്ന് ഇവിടേക്കുള്ള യാത്ര സാധ്യമല്ല. എന്നാൽ റഷ്യൻ അതിർത്തിയിലേക്ക് 40 കിലോ മീറ്റർ മാത്രമാണുള്ളത്. അതുകൊണ്ട് റഷ്യ വഴി ഒഴിപ്പിക്കൽ നടത്തണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. നിലവിൽ എംബസിയിലെ ആരും ബന്ധപ്പെടുന്നില്ലെന്ന ആശങ്കയും ഇവർ ഉന്നയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുന്ന വിമാനങ്ങളുടെ എണ്ണം കൂട്ടണമെന്നും പരമാവധി വേഗം കുട്ടികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും രക്ഷിതാക്കൾ കളക്ടറെ കണ്ട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ യുക്രൈനിൽ നിന്ന് എല്ലാവരെയും തിരികെ എത്തിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്ന ആശങ്കയും രക്ഷിതാക്കൾ പങ്കുവെച്ചു.