തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ മത്സ്യയിലൂടെ സംസ്ഥാന വ്യാപകമായി ഇതുവരെ പിടിച്ചെടുത്തു നശിപ്പിച്ചത് 3645.88 കിലോ പഴകിയതും രാസവസ്‌തുക്കൾ കലർന്നതുമായ മത്സ്യം. ചൊവ്വാഴ്ച 108 പരിശോധനകളാണ് നടത്തിയത്. 76 മത്സ്യ സാമ്പിളുകൾ ശേഖരിച്ചു വിദഗ്ധ പരിശോധനയ്‌ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു.
മത്സ്യ വിൽപന കേന്ദ്രങ്ങൾ മുതൽ പ്രധാന ലേല കേന്ദ്രങ്ങൾ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ കാലയളവിൽ പരിശോധന നടത്തി. കുടിവെള്ളത്താൽ നിർമ്മിച്ച ഐസിൽ മീനിന് തുല്യമായ അളവിൽ 1:1 അനുപാതം പാലിച്ച് മത്സ്യം സൂക്ഷിക്കണമെന്നത് സംബന്ധിച്ചും പരിശോധയ്‌ക്കിടെ മത്സ്യ വ്യാപാരികൾക്ക് ബോധവൽക്കരണവും നൽകുന്നുണ്ട്.