കോഴിക്കോട്: ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനയിൽ പങ്കെടുത്ത കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള കുട്ടികൾക്ക് ഇന്ന് കരിദിനം. ടെൻഷനെ തുടർന്ന് ചുവടുതെറ്റി കളി നിർത്തേണ്ടി വന്നതാണ് മത്സരാർഥികൾക്ക് വേദനായായത്. സാമൂതിരി ഹയർ സെക്കണ്ടറി സ്കൂളിലെ വേദിയിലാണ് സംഭവം.
ഒരു ജഡ്ജിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ മത്സരത്തിന് മുമ്പ് ഉണ്ടായിരുന്നു. കാലിക്കറ്റ് ഗോൾസ് സ്കൂളിലെ പൂർവ വിദ്യാർഥിയായിരുന്നു ജഡ്ജിമാരിൽ ഒരാൾ. ജഡ്ജിമാരെ പരിചയപ്പെടുത്തുമ്പോൾ ഈ വിവരവും അനൗൻസ് ചെയ്തിരുന്നു. ഇക്കാര്യം അറിഞ്ഞതിന് പിന്നാലെ ആളുകൾ പരാതിയുമായി രംഗത്തെത്തി.
ഇത് കാലിക്കറ്റ് ഗോൾസിലെ ഒപ്പന ടീമിലെ കുട്ടികൾക്ക് ടെൻഷന് ഇടയാക്കി. ഈ ടെൻഷനോട് കൂടി കളിക്കാൻ കയറിയ കുട്ടികൾക്ക് വേദിയിൽ ചുവടുതെറ്റിയത്. മത്സരം തുടങ്ങി മൂന്ന് മിനിറ്റ് പിന്നിട്ടതിന് ശേഷമായിരുന്നു ചുവടുപിഴച്ചത്. ഇതേതുടർന്ന് ഒരു കുട്ടി കളി നിർത്തി കരയാൻ തുടങ്ങി. തുടർന്ന് മറ്റ് കുട്ടികൾക്കും കളി നിർത്തി വേദി വിടേണ്ടി വന്നു.