തിരുവനന്തപുരം : സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പ്രായം വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ബസ് ഉടമകള്‍ രംഗത്ത്. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനമാണ്. ബസ് ഉടമകളുമായി ചര്‍ച്ച നടത്താതെ എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്നും രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. ബസുകളിലെ വിദ്യാര്‍ത്ഥി കണ്‍സഷന്റെ പ്രായപരിധി 25ല്‍ നിന്നായി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെയാണ് സ്വകാര്യ ബസുടമകള്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റഴ്‌സ് ഓര്‍ഗനൈസേഷനും പ്രതികരിച്ചു.
കണ്‍സഷന്‍ പ്രായപരിധി 18 ആയി ചുരുക്കണമെന്ന് ആവശ്യം ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്റെ ആവശ്യം. 2010ലെ സൗജന്യ നിരക്കാണ് ഇപ്പോഴും തുടരുന്നത്, ഇതിനിടയിലാണ് പ്രായ വര്‍ധനയെന്നും തീരുമാനത്തിനെതിരെ സമരത്തിലേക്ക് പോകുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന്‍ പറഞ്ഞു.