തിരുവനന്തപുരം : ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച് മാറ്റിവച്ച ഓര്‍ഡിനന്‍സ് ഉടന്‍ പരിഗണിക്കേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ അക്കാര്യം സിപിഎം നേതൃത്വം ശ്രദ്ധയില്‍ പെടുത്തേണ്ടതായിരുന്നുവെന്നാണ് സിപിഐയുടെ വികാരം. അങ്ങനെ വിശ്വാസത്തിലെടുക്കാത്ത സാഹചര്യത്തില്‍ ഓര്‍ഡിന്‍സിനെതിരെ പ്രതികരിക്കേണ്ടിവരുമെന്നും സിപിഐ വിലയിരുത്തുന്നു. ഓര്‍ഡിനന്‍സിന്റെ ഗൗരവം സിപിഐ മന്ത്രിമാര്‍ നേതൃത്വത്തെ ബോധ്യപ്പെടുത്തിയോ എന്നത് പാര്‍ട്ടിക്കുള്ളില്‍ ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ഓര്‍ഡിനന്‍സ് തടയുന്ന തരത്തിലുള്ള വിയോജിപ്പിന് പരിമിതി ഉണ്ടായിരുന്നുവെന്നാണ് സിപിഐ മന്ത്രിമാര്‍ പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.
ഓര്‍ഡിനന്‍സിനെതിരെ സിപിഐ പരസ്യനിലപാട് എടുത്ത സാഹചര്യത്തില്‍ അവരെ വിശ്വാസത്തിലെടുക്കാന്‍ ശ്രമിക്കുമെന്ന് സിപിഎം കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കോടിയേരിയും കാനവും ഇക്കാര്യം സംസാരിച്ചേക്കും. കൂടിക്കാഴ്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല.