ഹൈദരാബാദ്: തെലങ്കാന കോൺഗ്രസിൽ കലഹത്തെ തുടർന്ന് 12 പ്രധാന നേതാക്കൾ രാജിവെച്ചു. അഞ്ച് വർഷം മുമ്പ് ടിഡിപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലെത്തിയ 12 നേതാക്കളാണ് രാജി വെച്ചത്. കോൺഗ്രസിലെ മുതിർന്ന നേതാക്കളും കോൺഗ്രസിലേക്ക് കുടിയേറിയ നേതാക്കളും തമ്മിലുള്ള തർക്കമാണ് രാജിയിൽ കലാശിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഒരു വിഭാഗം നടത്താനിരുന്ന ‘ഹാത്ത് സേ ഹാത്ത് ജോഡോ’ തയ്യാറെടുപ്പ് യോഗം ഒഴിവാക്കി.
തെലങ്കാനയുടെ ചുമതലയുള്ള എഐസിസി നേതാവ് മാണിക്കം ടാഗോറിന് 12 നേതാക്കളും രാജിക്കത്ത് അയച്ചു. എൻ ഉത്തം കുമാർ റെഡ്ഡിയും ഭട്ടി വിക്രമാർക്കയും ഉൾപ്പെടെയുള്ള മുതിർന്നവരാണ് പാർട്ടി വിട്ടത്. വിശ്വസ്തരെ അവഗണിച്ച് പാർട്ടി സ്ഥാനങ്ങൾ മറ്റുള്ളവർക്ക് നൽകുന്നതിനെതിരെ ഇവർ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. തുടർന്ന് ‘സേവ് കോൺഗ്രസ്’ കാമ്പയിൻ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെയാണ് ഇവർ രാജിവെച്ചത്.
മുതിർന്ന ചില നേതാക്കൾ തങ്ങളെ ‘കോൺഗ്രസ് ഒറിജിനൽ’ നേതാക്കളെന്നും ടിഡിപിയിൽ നിന്ന് വന്നവരെ ‘കുടിയേറ്റക്കാർ’ എന്നുമാണ് വിശേഷിപ്പിക്കുന്നത്. അധ്യക്ഷൻ രേവന്ത് റെഡ്ഡിയെ അനുകൂലിക്കുന്നവരാണ് കുടിയേറ്റ നേതാക്കൾ എന്നും ആരോപണമുണ്ട്. ടിപിസിസി പ്രസിഡന്റ് എ രേവന്ത് റെഡ്ഡി ഞായറാഴ്ച വിളിച്ചുചേർത്ത പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം നടന്ന ‘ഹാത്ത് സേ ഹാത്ത് ജോഡോ’ മുന്നൊരുക്ക യോഗത്തിൽ നിന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കിയിരുന്നു. മുതിർന്ന നേതാക്കളുടെ പ്രശ്നം പാർട്ടി ഹൈക്കമാൻഡ് പരിശോധിക്കുമെന്നും രേവന്ത് പറഞ്ഞു.