തിരുവനന്തപുരം > വയോജനങ്ങൾക്ക് സർക്കാർ നൽകുന്ന കൈത്താങ്ങിന്റെ അടയാളമാണ് ‘ഓർമ്മത്തോണി’ പദ്ധതിയെന്ന് സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു. ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹിക നീതി വകുപ്പ് ആവിഷ്‌കരിച്ച ‘ഓർമ്മത്തോണി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള സാമൂഹ്യസുരക്ഷാ മിഷൻ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഓർമ്മത്തോണി. ഡിമെൻഷ്യ സൗഹൃദ കേരളം സാക്ഷാത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വയോജനങ്ങളുടെ ജീവിത സ്വാസ്ഥ്യം ഉറപ്പുനൽകുക, അവരുടെ സമ്പൂർണ സുരക്ഷയും സംരക്ഷണവും സാധ്യമാക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഓർമ്മത്തോണി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വയോമിത്രം യൂണിറ്റുകൾ പ്രവർത്തിക്കുന്ന 91 നഗരസഭാ പ്രദേശങ്ങളിലാണ് പ്രാരംഭഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക.
ഡിമെൻഷ്യ ബാധിതരായ വയോജനങ്ങൾക്ക് പകൽവീടുകൾ നടത്തുന്നതിന് തയ്യാറായ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും തൃശൂർ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിനും ഇതിനായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകും. പകൽവീടുകൾ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുന്നതായും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.
ഓർമ്മയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് വയോജനങ്ങൾ നേരിടുന്നത്. ഓർമ്മ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വിവിധ അവസ്ഥകളിൽ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്നത് സംബന്ധിച്ച് വജനങ്ങൾക്കും അവരെ പരിചരിക്കുന്നവർക്കും ശാസ്ത്രീയമായ അവബോധം നൽകുക, സംസ്ഥാനത്ത് വ്യാപകമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മെമ്മറി ക്ലിനിക്കുകൾ സംഘടിപ്പിക്കുക, മെമ്മറി ക്ലിനിക്കുകളുടെ സഹായത്തോടെ വയോജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തി ഡിമെൻഷ്യ പോലുള്ള അവസ്ഥകൾ കണ്ടെത്തുക, ഈ അവസ്ഥയെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുക, മരുന്നുകളും ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും പരിചരണം ലഭ്യമാക്കുക തുടങ്ങിയവയാണ് ഓർമ്മത്തോണി പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് മന്ത്രി പറഞ്ഞു.
ഡിമെൻഷ്യ പോലുള്ള അവസ്ഥകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനും ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞാൽ ഇതുമൂലമുണ്ടാകുന്ന പ്രയാസങ്ങൾ പരമാവധി ഒഴിവാക്കാൻ സാധിക്കും. അത്തരമൊരു സഹായം വയോജനങ്ങൾക്കും അവരെ പരിചരിക്കുന്നവർക്കും മെമ്മറി ക്ലിനിക്കുകളിലൂടെ നൽകാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓർമ്മത്തോണി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകം കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർഥികളായ ദിയ സലിനും ലിയ സലിനും നൽകി മന്ത്രി പ്രകാശനം ചെയ്തു. ദിയയും ലിയയുമാണ് കൈപുസ്തകത്തിലെ ചിത്രങ്ങൾ വരച്ചത്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 350ഓളം വയോജനങ്ങൾക്ക് ഡിമെൻഷ്യ പ്രാഥമിക സ്‌ക്രീനിംഗും ഡോക്ടർമാരുടെ നേതൃത്വത്തിൽ അവബോധ ക്ലാസുകളും സംഘടിപ്പിച്ചു.
തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളേജിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, വഴുതയ്ക്കാട് വാർഡ് കൗൺസിലർ അഡ്വ. രാഖി രവികുമാർ, കെഎസ്എസ്എം അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് ജേക്കബ്, എസ്സിഎഫ്ഡബ്ല്യുഎ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ നായർ, ഡോ. മോഹൻ റോയ് തുടങ്ങിയവർ പങ്കെടുത്തു.