തേഞ്ഞിപ്പലം> സർവകലാശാലകളെ കാവിവൽക്കരിക്കുന്ന ഗവർണർക്കെതിരെ എസ്‌എഫ്‌ഐ നടത്തുന്നത് ജനാധിപത്യ സമരമാണെന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ. വാർത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലാ ക്യാമ്പസിൽ എസ്‌എഫ്‌ഐ ജനാധിപത്യപരമായിട്ട് തന്നെയാണ് ബാനർ കെട്ടിയിട്ടുള്ളത്. അത് അഴിച്ചുമാറ്റാൻ അനുവദിക്കില്ല. കാരണം രാഷ്‌ട്രീയ മുദ്രാവാക്യമാണ് അതിൽ എഴുതിയിട്ടുള്ളത്. ഒരു ബാനർ അഴിച്ചുമാറ്റിയാൽ നൂറു ബാനർ കെട്ടുമെന്നും ആർഷോ പറഞ്ഞു.
ഞങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഗവർണർ മറുപടി പറയേണ്ടിവരും. അക്രമസമരമല്ല എസ്‌എഫ്‌ഐയുടെ മാർഗം. ഏത് തരത്തിലുള്ള പൊലീസ് നടപടിയും നിയമനടപടിയും പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് സമരത്തിനിറങ്ങിയിട്ടുള്ളത്. ഞങ്ങളുടെ സമരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംരക്ഷിച്ചു നിർത്തുന്നതിന് വേണ്ടിയാണ്. ഏതെല്ലാം തരത്തിലുള്ള അടിച്ചമർത്തലുകൾ ഉണ്ടായാലും, ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്നാലും സമരത്തിൽ പിറകോട്ട് പോകില്ലെന്നാണ് തീരുമാനം.
യുഡിഎഫ് ഭരണകാലത്ത് വലിയ പൊലീസ് വേട്ടകൾ അനുഭവിച്ചിട്ടുള്ള പ്രസ്ഥാനമാണ് എസ്‌എഫ്‌ഐ. എത്രയോ വലിയ സമരമുഖങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള സംഘടനയാണ് എസ്‌എഫ്‌ഐ. ജനാധിപത്യപരമായ ചോദ്യങ്ങളെ ഗവർണർ ഭയക്കുന്നു. രാജ്‌ഭവനിൽ ഇരുന്നാൽ രാജാവാകില്ല. തമാശ ചിത്രങ്ങളിലെ നാലാംകിട കഥാപാത്രമായി ഗവർണർ മാറിയെന്നും ആർഷോ പറഞ്ഞു.