കോഴിക്കോട്: പൊതുവേദിയിൽ അസഭ്യം പറഞ്ഞ കെപിസിസി പ്രസിഡന്‍റെ കെ സുധാകരനെയും കോൺഗ്രസിനെയും പരിഹസിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോൺഗ്രസിന്റെ സമുന്നത നേതാക്കൾ പരസ്യമായി പരസ്പരം തെറിവിളിക്കുന്നത് ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയുമോയെന്ന് മന്ത്രി. സിപിഐഎം വെള്ളിപറമ്പ് ബ്രാഞ്ച് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു റിയാസ്.
കെ സുധാകരനും വിഡി സതീശനും നയിക്കുന്ന സമരാഗ്നി യാത്ര തുടങ്ങിയാൽ കേരളത്തിലെ ക്രമസമാധാന നില തകരാറിലാകുമോ എന്ന ആശങ്ക ഞങ്ങൾ തുടക്കത്തിലെ പ്രകടിപ്പിച്ചതാണ്. അത് യാഥാർത്ഥ്യമാകുന്ന അവസ്ഥയാണ് ഇപ്പോൾ. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും നേരത്തെ പരസ്യമായി മൈക്കിനു വേണ്ടി ഏറ്റുമുട്ടി. ഇപ്പോൾ അവർ പരസ്പരം അസഭ്യം പറയുന്ന നിലയിൽ കാര്യങ്ങൾ എത്തി. കെപിസിസി പ്രസിഡണ്ട് പ്രതിപക്ഷ നേതാവിനെ കുറിച്ച് പ്രയോഗിച്ച പദം തങ്ങൾ ജ്യേഷ്ഠാനുജന്മാർ വിളിക്കുന്നത് പോലെ പ്രയോഗിച്ചതാണ് എന്നാണ് ഇപ്പോൾ ഇരുവരും പറയുന്നത്.
ആത്മാഭിമാനമുള്ള സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഇത് അംഗീകരിക്കാൻ കഴിയുമോയെന്ന് മന്ത്രി ചോദിക്കുന്നു. യുഡിഎഫിന്റെ പ്രധാന ശത്രു ഇടതുപക്ഷമാണ്. സമരാഗ്നിയാത്രയിൽ ബിജെപിക്കെതിരെ ശക്തമായ ഒരു വാദവും കോൺഗ്രസ് ഉന്നയിക്കുന്നില്ല. പാർലമെന്‍റിനകത്തും കോൺഗ്രസ് എംപിമാർ ബിജെപിക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ലെന്ന് റിയാസ് കുറ്റപ്പെടുത്തി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കേരളത്തിൽ വൻ വിജയം നേടുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.