തിരുവനന്തപുരം > മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിങ് കോൺട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വകുപ്പിന് കീഴിലെ ഐഎഎസ് ഉദ്യോഗസ്ഥരും ചീഫ് എൻജിനിയർമാരും അടങ്ങുന്ന സംഘം ഓരോ ജില്ലയിലും പൊതുമരാമത്ത് റോഡുകളിലെത്തി പ്രവൃത്തി പുരോഗതി പരിശോധിക്കും. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം നിലവിലുള്ള പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി.
മഴയ്ക്കുമുമ്പ് റോഡുകളിലെ കുഴികൾ അടയ്ക്കാനും അറ്റകുറ്റപ്പണിക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് മന്ത്രി നിർദേശം നൽകി. നിലവിൽ പണിനടക്കുന്ന റോഡുകളിൽ, കരാറുകാർതന്നെ കുഴിയടച്ച് അപകടരഹിതമായ ഗതാഗതം ഉറപ്പാക്കണം. കെആർഎഫ്ബി, കെഎസ്ടിപി വിഭാഗങ്ങളുടെ പരിപാലനത്തിലുള്ള റോഡുകളിൽ കുഴികൾ ഇല്ലാത്ത വിധം സംരക്ഷിക്കാൻ ശ്രദ്ധിക്കണം.
ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കാനും മന്ത്രി നിർദേശിച്ചു. സ്കൂൾ മേഖലകളിലടക്കം സീബ്രാലൈൻ തെളിയുന്നുണ്ടെന്ന് ഉറപ്പാക്കണം. വാട്ടർ അതോറിറ്റി ഉൾപ്പെടെ മറ്റ് വകുപ്പുകൾക്ക് പ്രവൃത്തിക്കായി കൈമാറിയ റോഡുകളിലും മഴയ്ക്കുമുമ്പ് കുഴികൾ അടയ്ക്കണമെന്നും മന്ത്രി നിർദേശിച്ചു. വകുപ്പ് സെക്രട്ടറി കെ ബിജു ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.