തിരുവനന്തപുരം: കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും തിരിച്ചടിയായതോടെ തിരുവനന്തപുരം ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ഭരണ സമിതി. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ച 2 കോടി രൂപയുടെ ധന സഹായത്തിന്റെ തിരിച്ചടവിന് ഇളവുകള്‍ വേണമെന്ന് ക്ഷേത്ര ഭരണ സമിതി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിശ്ചയിച്ച ഗ്രാന്‍റുകള്‍ കാലാനുസൃതമായി പുനര്‍ നിശ്ചയിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
നിലവറകളില്‍ അമൂല്യ നിധി ശേഖരം സൂക്ഷിക്കുന്നതാണ് ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രം. എന്നാൽ പുതിയ സാഹചര്യത്തിൽ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഭരണ സമിതി. ഒരു മാസം ഒന്നേകാല്‍ കോടി രൂപയാണ് ക്ഷേത്രം നടത്തിപ്പിനുള്ള ചെലവ്. പ്രതിദിനം ശരാശരി നാല് ലക്ഷം രൂപയെങ്കിലും വരുമാനമുണ്ടെങ്കിലേ ക്ഷേത്രത്തിന് പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാനാവൂ.
ഇതര സംസ്ഥാന തീര്‍ത്ഥാടകരില്‍ നിന്നുള്ള വഴിപാടുകളും പൂജകളുമായിരുന്നു ക്ഷേത്ര വരുമാനത്തിന്‍റെ സിംഹ ഭാഗവും. എന്നാൽ കോവിഡ് വ്യാപനവും നിയന്ത്രണവും മൂലം തീര്‍ത്ഥാടകരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് തിരിച്ചടിക്ക് കാരണമായത്. ക്ഷേത്രത്തിന്റെ പ്രതിദിന വരുമാനം 2 ലക്ഷം രൂപയോളം മാത്രമായി കുറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപ പലിശ സഹിത സഹായമായി അനുവദിച്ചിരുന്നു. ഒരു വര്‍ഷത്തിനകം ഈ തുക തിരിച്ചടക്കേണ്ടതുണ്ട്. എന്നാൽ കൊവിഡിൽ നിന്ന് കരകയറാത്തതിനാൽ ഭക്തരുടെ വരവിലും വരുമാനത്തിലും കൊവിഡിന് മുൻപത്തെ നിലയിലേക്ക് എത്താൻ ക്ഷേത്രത്തിന് സാധിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് വാര്‍ഷിക ഗ്രാന്റിൽ ഉള്‍പെടുത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുനക്രമീകരിക്കണന്ന ആവശ്യമുണ്ട്. ഇത് ചൂണ്ടിക്കാട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് 49 വില്ലേജുകളിലായി ഭൂമിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം തിരുപുവാരം ആയി ഇതിന് നല്‍കുന്നത് 31998 രൂപ ആണ്. തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രത്തിന് പ്രതിവര്‍ഷം 6 ലക്ഷം രൂപയോളമാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. പണപ്പെരുപ്പത്തിന് അനുപാതികമായി ഇവ പരിഷ്കരിക്കണമെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ ആവശ്യം.