ഡല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന് കനത്ത തിരിച്ചടി നല്‍കിയതായി ബിഎസ്എഫ്. അര്‍ണിയ, ആര്‍.എസ് പുര സെക്ടറുകളിലെ പാക് റേഞ്ചേഴ്‌സ് പോസ്റ്റുകള്‍ തകര്‍ത്തുവെന്ന് ബിഎസ്എഫ് അറിയിച്ചു. നിരവധി പാക് സൈനികര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ബുധനാഴ്ചയാണ് അതിര്‍ത്തി മേഖലയില്‍ പാകിസ്താന്റെ വെടിനിര്‍ത്തര്‍ കരാര്‍ ലംഘനമുണ്ടായത്. ബിഎസ്എഫിന്റെ കനത്ത തിരിച്ചടിയില്‍ പാകിസ്താന്റെ നിരവധി പോസ്റ്റുകള്‍ക്കും വാച്ച് ടവറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് ബിഎസ്എഫ് വൃത്തങ്ങള്‍ പറയുന്നത്. യാതൊരു പ്രകോപനവുമില്ലാതെ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികനും അതിര്‍ത്തി പ്രദേശത്ത് താമസിച്ചുവരികയായിരുന്ന ഒരു സ്ത്രീയ്ക്കും പരുക്കേറ്റിരുന്നു.
വരുംദിവസങ്ങളില്‍ പാക് നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പാകിസ്താന്‍ സേനയുടെ ഏത് പ്രകോപനപരമായ പ്രവൃത്തിയും ശക്തമായി നേരിടണമെന്ന് സൈനികര്‍ക്കും കമാന്‍ഡര്‍മാര്‍ക്കും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബിഎസ്എഫ് ഉന്നതരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.