കറാച്ചി: പാക്കിസ്ഥാനിൽ ലൈവ് റിപ്പോർട്ടിങിനിടെ സമീപത്തുണ്ടായിരുന്ന പയ്യന്റെ കരണത്തടിച്ച് മാധ്യമപ്രവർത്തക. ആൾക്കൂട്ടത്തിനു നടുവിൽ നിന്നുകൊണ്ട് ഈദ് ദിനത്തിലെ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തക മയ്‌ര ഹാഷ്മി യുവാവിനെ തല്ലിയത്. അഞ്ച് സെക്കന്റ് മാത്രമുള്ള ഇതിന്റെ വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയ കീഴടക്കുകയായിരുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽനിന്ന് ഹാഷ്മി കാര്യങ്ങൾ വിവരിക്കുന്നതിനിടയ്ക്ക് വെളുത്ത ഷർട്ട് ധരിച്ച യുവാവ് ക്യാമറയ്ക്ക് മുന്നിലെത്തി മറ്റൊരാളെ കൈ കാണിച്ച് വിളിച്ച് എന്തോ പറയുന്നതു വിഡിയോയിൽ കാണാം. ഇതിനുപിന്നാലെയാണ് ഹാഷ്മി ഇയാളടെ കരണത്തടിച്ചത്. എന്തിനാണ് തല്ലിയതെന്ന് വിഡിയോയിൽ വ്യക്തമല്ലാത്തതിനാൽ സമൂഹമാധ്യമങ്ങളിൽ ഹാഷ്മിയെ വിമർശിച്ചും പിന്തുണച്ചും ആളുകളെത്തി. മോശമായി പെരുമാറിയതിൽ നിയന്ത്രണം വിട്ട് അടിച്ചതാകുമെന്ന് ചിലർ പറയുമ്പോൾ യുവതിയുടെ നടപടി ശരിയായില്ലെന്ന് മറ്റുചിലർ വാദിച്ചു.
ചർച്ച കൈവിട്ടുപോയതോടെ മാധ്യമപ്രവർത്തക തന്നെ വിശദീകരണവുമായി രംഗത്തെത്തി. ലൈവ് ബ്രോഡ്കാസ്റ്റിനിടയിൽ ഒരു കുടുംബത്തെ യുവാവ് മോശമായി പറഞ്ഞെന്നും അത്തരം പ്രവണതയെ പ്രോത്സാഹിപ്പിക്കില്ലെന്നും മയ്‍ര ഹാഷ്മി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതോടെ വിവാദങ്ങളും കെട്ടടങ്ങി.