ലാഹോര്‍: ബിദുദദാന ചടങ്ങിനിടെ മോശം ഭാഷാ പ്രയോഗവുമായി പാക് വിദ്യാഭ്യാസ മന്ത്രി. ലാഹോറിലെ ഗവണ്‍മെന്റ് കോളേജ് യൂണിവേഴ്സിറ്റിയിലെ ബിരുദ ദാന ചടങ്ങിലാണ് മന്ത്രിയുടെ മോശം ഭാഷാ പ്രയോഗം രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്. പാകിസ്ഥാനിലെ വിദ്യാഭ്യാസമന്ത്രി റാണാ തന്‍വീര്‍ ഹുസൈനാണ് വിവാദത്തിലായിരിക്കുന്നത്. ഹിന്ദിയിലാണ് മന്ത്രി മോശം പ്രയോഗം നടത്തിയത്. ഫൈസലാബാദ് കാര്‍ഷിക സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറെ കണ്ടത് സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു മോശം പദപ്രയോഗം നടത്തിയത്.വിദ്യാഭ്യാസ സംബന്ധിയായ ഒരു പരിപാടിക്കിടെ നടത്തിയിരിക്കുന്ന മോശമായ പദപ്രയോഗത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. മന്ത്രി സംസാരിക്കുന്നതിന്‍റഎ വീഡിയോയും വൈറലായിട്ടുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഇത്രയും മോശമാകാന്‍ കാരണമെന്താണെന്ന് വേറെ തിരയേണ്ടതില്ലെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറിയ പങ്കും വിശദമാക്കുന്നത്. സന്നിഹിതനായിരുന്ന ചടങ്ങിന്‍റെ മഹത്വം പോലും പരിഗണിക്കാതെ ഉള്ളതായിരുന്നു മന്ത്രിയുടെ പെരുമാറ്റമെന്നും നിരവധിപ്പേര്‍ പ്രതികരിക്കുന്നുണ്ട്. അഴുക്ക് കുത്തി നിറച്ച് വച്ചത് അറിയാതെ പുറത്ത് വരുന്നത് പോലെയാണ് മന്ത്രിയുടെ പ്രസംഗമെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്ശനം ഉയരുന്നുണ്ട്.
വിമര്‍ശനം രൂക്ഷമായതിന് പിന്നാലെ സംഭവിച്ചത് നാക്ക് പിഴയാണെന്ന വിശദീകരണം മന്ത്രി നടത്തിയിട്ടുണ്ട്. ട്വിറ്ററിലാണ് മന്ത്രി ക്ഷമാപണം നടത്തിയിരിക്കുന്നത്. പറഞ്ഞ വാക്ക് തിരിച്ചെടുക്കുന്നുവെന്നും സര്‍വ്വകലാശാലയില്‍ സംഭവിച്ചത് നാക്ക് പിഴയാണെന്നുമാണ് വിശദീകരണം. എന്നാല്‍ മന്ത്രിയുടെ ക്ഷമാപണത്തിനൊപ്പം നെറ്റിസണ്‍സിനെ തണുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.