ഇസ്ലാമാബാദ്: 17 ലക്ഷം അഫ്ഗാൻ അഭയാർഥികൾ ഉൾപ്പെടെയുള്ള മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും ഒക്ടോബർ 31ഓടെ പുറത്താക്കാനുള്ള വിവാദ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പാകിസ്താൻ. അന്താരാഷ്ട്ര നടപടിക്രമങ്ങൾ പാലിച്ചാണ് നടപടിയെന്ന് പാകിസ്താൻ വ്യക്തമാക്കി.‘അനധികൃത കുടിയേറ്റക്കാർ’ എന്ന പേരിൽ അധികൃതർ കുടിയേറ്റക്കാർക്കെതിരെ രാജ്യത്ത് നടപടി ശക്തമാക്കിയിരിക്കുകയാണ്. ഇതേത്തുടർന്ന് കഴിഞ്ഞയാഴ്ച നിരവധി കുടുംബങ്ങൾ അഫ്ഗാനിസ്താനിലേക്ക് തിരിച്ചുപോയി.
യൂറോപ്യൻ രാജ്യങ്ങളായാലും ഏഷ്യൻ രാജ്യങ്ങളായാലും അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തങ്ങാൻ അനുവദിക്കാറില്ലെന്നാണ് തങ്ങളുടെ നടപടിയെ ന്യായീകരിച്ചുകൊണ്ട് പാകിസ്താൻ പറയുന്നത്. അതിനാൽ, അന്താരാഷ്ട്രതലത്തിൽ നിലനിൽക്കുന്ന നടപടിക്രമങ്ങൾക്കനുസരിച്ചാണ് തങ്ങളുടെയും നടപടിയെന്ന് കാവൽ വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജീലാനി പറഞ്ഞു.
ഒക്ടോബർ 31നകം രാജ്യം വിടാനാണ് പാകിസ്താൻ കുടിയേറ്റക്കാരോട് ആവശ്യപ്പെട്ടിരുന്നത്. അല്ലാത്തപക്ഷം, നവംബർ ഒന്നുമുതൽ നിർബന്ധിതമായി പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്താെന്റ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്രസഭ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആറും ആംനസ്റ്റി ഇന്റർനാഷനലും രംഗത്തെത്തി. കാബൂളിലെ താലിബാൻ ഭരണകൂടവും പാകിസ്താൻ നടപടിയിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്. എവിടെയെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ആളുകൾ പാകിസ്താനിലേക്ക് കുടിയേറുന്നത് പതിവാണെന്ന് ജീലാനി പറഞ്ഞു.
40ലധികം വർഷമായി ഇത് തുടരുന്നു. അതിനാലാണ് പാകിസ്താൻ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. അഫ്ഗാനിസ്താനിലെ സാഹചര്യം ഇപ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭയാർഥിപ്രശ്നം സംബന്ധിച്ച് അഫ്ഗാൻ അധികൃതരുമായി ദീർഘകാലമായി ചർച്ച നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയയിൽ അന്താരാഷ്ട്ര സമൂഹത്തിെന്റ സഹകരണവും അദ്ദേഹം തേടി.