ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശുപാര്‍ശയ്ക്കു പിന്നാലെ പ്രസിഡന്റ് ആരിഫ് അല്‍വി പാകിസ്താന്റെ നാഷണല്‍ അസംബ്ലി പിരിച്ചുവിട്ടു. 90 ദിവസത്തിനുള്ളില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പു നടക്കുമെന്ന് കാവല്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താന്റെ ക്യാബിനറ്റ് പിരിച്ചുവിട്ടെന്നും ഇമ്രാന്‍ ഖാന്‍ കാവല്‍പ്രധാനമന്ത്രിയായി തുടരുമെന്നും പാകിസ്താന്‍ മുന്‍മന്ത്രി ഫവാദ് ചൗധരി അറിയിച്ചു.
വിശ്വാസ വോട്ടെടുപ്പ് അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കര്‍. ജനങ്ങളോട് തിരഞ്ഞെടുപ്പിന് തയ്യാറായിക്കോളൂവെന്ന് ഇമ്രാന്‍ ഖാന്‍. ഡെപ്യൂട്ടി സ്പീക്കറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം- അങ്ങനെ പാകിസ്താനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ദിവസമായിരുന്നു ഞായറാഴ്ച. വിശ്വാസവോട്ടെടുപ്പ് അനുവദിക്കാതെയുള്ള ഡെപ്യൂട്ടി സ്പീക്കര്‍ ക്വാസിം സൂരിയുടെ നീക്കമാണ് ഇമ്രാന്‍ ഖാന് ആശ്വാസമായത്. ഇതോടെ നാഷണല്‍ അസംബ്ലി പിരിച്ചുവിടാന്‍ പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്ത ഇമ്രാന്‍, പുതിയ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുമായിരുന്നു.
അവിശ്വാസ പ്രമേയത്തെയോ വിശ്വാസവോട്ടെടുപ്പിനെയോ തനിക്ക് ഭയമില്ലെന്നും അവസാനപന്തുവരെ നേരിട്ട ചരിത്രമാണ് തനിക്കുള്ളതെന്നും നേരത്തെ തന്നെ ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെ രാജ്യത്തോടു നടത്തിയ അഭിസംബോധനയിലായിരുന്നു ഇമ്രാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിനു പിന്നാലെ ശനിയാഴ്ച, ഒരു വാര്‍ത്താചാനലിലെ പരിപാടിയിലും താന്‍ പിന്നോട്ടില്ലെന്ന നിലപാട് ഇമ്രാന്‍ ആവര്‍ത്തിച്ചിരുന്നു.