ഇസ്ലാമാബാദ് : മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരൻ ഷഹബാസ് ഷെരീഫ് പാകിസ്ഥാന്‍റെ അടുത്ത പ്രധാനമന്ത്രിയായേക്കും. നാലുവർഷത്തിലധികം പ്രതിപക്ഷ നേതാവായിരുന്നതിന്‍റേയും മൂന്നുതവണ മുഖ്യമന്ത്രിയായതിന്‍റേയും അനുഭവ സമ്പത്തുമായാണ് ഷഹബാസ് ഷെരീഫെത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ജയിൽ കഴിയേണ്ടി വന്ന ഷഹബാസ് ജാമ്യത്തിലിറങ്ങിയാണ് പാകിസ്ഥാന്‍റെ 23 ആം പ്രധാനമന്ത്രിയാകാനൊരുങ്ങുന്നത്.
ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയടക്കമുള്ള പ്രതിപക്ഷ നിരയെ ഇമ്രാൻ ഖാനെതിരെ അണിനിരത്തിയ തന്ത്രശാലിയാണ് ഷഹബാസ് ഷെരീഫ്. പഞ്ചാബ് പ്രവിശ്യയെ നയിച്ചപ്പോൾ ചൈനീസ് സഹായത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കി ബീജിങ്ങിന്‍റെ അടുപ്പക്കാരനായ ഭരണാധികാരി. അമേരിക്കയുമായും സൗഹൃദം. 99ലെ പട്ടാള അട്ടിമറിയിൽ രാജ്യം വിടേണ്ടിവന്ന ഷഹബാസ് തിരിച്ചെത്തിത് 2007ലാണ്. നവാസ് ഷെരീഫിനെ അയോഗ്യനാക്കിയപ്പോൾ പാകിസ്ഥാൻ മുസ്ലിം ലീഗിന്‍റെ നേതൃനിരയിലെത്തിയ കോടീശ്വരനായ വ്യവാസായി. ഇത്തിഫാഖ് ഗ്രൂപ്പിലൂടെ സ്റ്റീൽ വ്യവസായത്തിൽ തിളങ്ങിയ ഷഹബാസ് ഇടക്കാലത്ത് ലാഹോർ ചേംബർ ഓഫ് കൊമേഴ്സ് നേതൃസ്ഥാനത്തുമെത്തി.
സമ്പത്തും അധികാരവും ഒരുപോലെ കൊണ്ടുനടന്ന ഷെഹബാസിന് വിവാദങ്ങളും ഒപ്പമുണ്ടായി. പ്രതിപക്ഷനേതാവായിരുന്ന 2019ൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ 23 ആസ്തികൾ മരവിപ്പിച്ചു. ലാഹോർ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ ജയിലുമായി. കഴിഞ്ഞ വർഷം ഏപ്രിലിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇമ്രാനെതിരെ കരുനീക്കം തുടങ്ങി. ഒടുവിൽ വിജയത്തിലുമെത്തി. അനന്ത് നാഗിലും പുൽവാമയിലും കുടുംബ വേരുകളുള്ള ബിരുദദാരിയായ 70 കാരൻ കൂട്ടുകക്ഷി സർക്കാരിനൊപ്പം ഒന്നരവർഷം പൂർത്തിയാക്കാനാകുമോയെന്ന് കണ്ടറിയണം.