ന്യൂഡൽഹി : ഐഎസ്ആർഓ ചാരപ്രവർത്തനത്തെ സംബന്ധിച്ച് ഇന്റിലിജൻസ് ബ്യുറോ ഡയറ്കടർ ഡി.സി.പാഠക് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയ റിപ്പോർട്ടുകൾ പരിശോധിക്കണമെന്ന് മുൻ ഡിജിപി ആർ.ബി.ശ്രീകുമാർ. റിപ്പോർട്ടുകൾ പരിശോധിച്ചാൽ ചാരന്മാർക്ക് പിന്നിൽ പാക് രഹസ്യന്വേഷണ ഏജൻസികളായിരുന്നുവെന്ന് വ്യക്തമാകുമെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ശ്രീകുമാർ അവകാശപ്പെട്ടു. ഐഎസ്ആർഒ ചാരക്കേസ് അന്വേഷണം നശിപ്പിച്ചത് സിബിഐ ആണെന്നും സത്യവാങ്മൂലത്തിൽ അദ്ദേഹം ആരോപിച്ചിട്ടുണ്ട്. ഐഎസ്ആർഓ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതിയായ ആർ.ബി. ശ്രീകുമാറിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.
ഇന്റിലിജൻസ് ബ്യുറോ ഡയറക്ടറായിരുന്ന ഡി.സി.പാഠക് 1994 ഒക്ടോബറിനും ഡിസംബറിനുമിടയിൽ പത്ത് റിപ്പോർട്ടുകൾ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. നിർണ്ണായകമായ പല വെളിപ്പെടുത്തലുകളും ഈ റിപ്പോർട്ടുകളിൽ ഉണ്ട്. പാക് രഹസ്യാന്വേഷണ ഏജൻസികളുടെ പങ്ക് മനസിലാക്കാൻ ഈ റിപ്പോർട്ടുകൾ പരിശോധിക്കണം എന്ന് ശ്രീകുമാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിന്റെ 71 വീഡിയോ കാസറ്റുകൾ പരിശോധിക്കണം എന്നും ശ്രീകുമാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേരള പോലീസ് അന്വേഷണം ആരംഭിച്ച് പതിനഞ്ചാം ദിവസം സിബി ഐയ്ക്ക് കൈമാറിയതാണ്. നിരവധി തെളിവുകൾ ഉണ്ടായിരുന്ന കേസിന്റെ അന്വേഷണം സിബിഐ പെട്ടെന്ന് അവസാനിപ്പിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ജസ്റ്റിസ് ഡി.കെ.ജയിൻ സമിതി നമ്പി നാരായണനോട് മാത്രമാണ് സംസാരിച്ചത്.
ചാരക്കേസ് അന്വേഷിച്ച ഐബി ഉദ്യോഗസ്ഥരോടോ, പോലീസ് ഉദ്യോഗസ്ഥരോടോ സംസാരിച്ചിട്ടില്ല. അതിനാൽ തന്നെ ആ റിപ്പോർട്ട് മുഖവിലയ്ക്ക് എടുക്കരുത് എന്നും ശ്രീകുമാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തനിക്ക് നമ്പിനാരായണനോട് മുൻവൈരാഗ്യം ഇല്ല. താൻ ഭീഷണിപ്പെടുത്തി എന്ന വാദം തെറ്റാണ്. കസ്റ്റഡിയിൽ പീഡിപ്പിച്ചു എന്ന ആരോപണം നമ്പി നാരായണൻ നേരത്തെ ഉന്നയിച്ചിട്ടില്ല. കസ്റ്റഡി പീഡനം ഉണ്ടായതായി സിബിഐയും നേരത്തെ പറഞ്ഞിട്ടില്ല. ഐഎസ്ആർഓയോ കേന്ദ്ര സർക്കാരോ ഇങ്ങനെ ഒരു അഭിപ്രായം നേരത്തെ പറഞ്ഞിട്ടില്ല. സിഐഎസ്എഫ് ഡയറക്ടർ ജനറൽ കെ.എം.സിംഗ് നടത്തിയ അന്വേഷണത്തിലും കസ്റ്റഡി പീഡനം നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആർ.ബി.ശ്രീകുമാർ വിശദീകരിച്ചിട്ടുണ്ട്.
ഐഎസ്ആർഓ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളായ ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി.ശ്രീകുമാർ, എസ്.വിജയൻ, തമ്പി എസ്.ദുർഗ്ഗാദത്ത്, പി.എസ്.ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ്മാരായ എ.എം.ഖാൻവിൽക്കർ, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐയുടെ ഹർജി പരിഗണിക്കുന്നത്.