കൊച്ചി: സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പോകുന്ന വിവരം തൃപ്പൂണിത്തുറയിലെ ആർ.ടി. ഓഫിസിൽ അറിയിച്ചിരുന്നില്ലെന്ന് ജോയിന്റ് ആർടിഒ ടി.പി. യൂസഫ്. വിദ്യാർഥികളെ വിനോദയാത്രക്ക് കൊണ്ടുപോകുന്ന ബസ്, മോട്ടോർവാഹന ഉദ്യോഗസ്ഥർ പരിശോധന നടത്തി യാത്രാനുമതി നൽകണമെന്നാണ് ചട്ടമെന്നും അദ്ദേഹം പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശപ്രകാരം വെട്ടിക്കൽ സ്കൂളിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു.
വിദ്യാർഥികൾ വിനോദയാത്രയ്ക്കു പുറപ്പെടുന്ന സമയത്തു പകർത്തിയ ദൃശ്യങ്ങളിൽ നിന്നു ബസിന്റെ നിയമ ലംഘനത്തിന്റെ ആഴം വ്യക്തമാണ്. വിദ്യാർഥികളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ആഡംബര ലൈറ്റുകളും ഉയർന്ന ശബ്ദത്തിലുള്ള പാട്ടും വച്ച് നിരോധിത ഹോൺ മുഴക്കിയാണ് ബസ് ഓട്ടം ആരംഭിച്ചത്. ഗതാഗത വകുപ്പു കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഈ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തതായി ആർടിഒ വൃത്തങ്ങൾ ഓൺലൈനോടു വെളിപ്പെടുത്തി. ബസ് ഓടുന്ന സമയം സ്പീഡ് ഗവർണർ വേർപെടുത്തി ഇട്ടിരുന്നതായാണ് വ്യക്തമാകുന്നതെന്നും ആർടിഒ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ബസ് കോട്ടയം സ്വദേശിയുടേതാണ്. ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ ഒളിവിലാണ്.