അകത്തേത്തറ (പാലക്കാട്): പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ ഇപ്പോഴത്തെ അലൈൻമെൻ്റ് മാറ്റാനാവില്ലെന്ന് ദേശീയപാത അതോറിറ്റി. അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ മൈത്രി നഗർ അസോസിയേഷന് ലഭിച്ച മറുപടി കത്തിലാണ് ദേശീയപാത അതോറിറ്റി സാങ്കേതിക വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ ബിപിൻ മധു ഇക്കാര്യം അറിയിച്ചത്.
ഗ്രീൻഫീൽഡ് ഹൈവേയുടെ അലൈൻമെൻ്റ് മാറ്റണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികളായ 63 പേർ ഒപ്പിട്ട അപേക്ഷ ദേശീയപാത അതോറിറ്റിക്ക് നൽകിയിരുന്നു. ഇതിനാണ് മറുപടി നൽകിയിരിക്കുന്നത്. കുപ്പിക്കഴുത്ത് പോലുള്ള പാത അഭികാമ്യമല്ല, ചരക്ക് നീക്കം, വാഹനയാത്ര എന്നിവ സുഗമമാക്കാൻ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന റോഡാണ് നിർമിക്കുക, സാങ്കേതിക ഘടകങ്ങളെല്ലാം പരിഗണിച്ചാണ് ഗ്രീൻഫീൽഡ് ഹൈവേ രൂപകല്പന ചെയ്തിട്ടുള്ളത് എന്നിവ അലൈൻമെൻ്റ് മാറ്റാതിരിക്കുന്നതിനുള്ള കാരണമായി മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.
ഗ്രീൻഫീൽഡ് ഹൈവേയുടെ ത്രീ എ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ത്രിമാന വിജ്ഞാപനം ഉടനിറങ്ങും. അലൈൻ്റ്മെൻ്റ് അന്തിമവും നിജപ്പെടുത്തിയതുമാണെന്നാണ് ദേശീയ പാത അതോറിറ്റി നൽകുന്ന സൂചന. പാലക്കാട് ജില്ലയിൽ മരുതറോഡ് മുതൽ എടത്തനാട്ടുകര വരെ ഗ്രീൻഫീൽഡ് ഹൈവേക്ക് 61.440 കിലോമീറ്റർ ദൈർഘ്യമുണ്ട്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സർവേ രണ്ട് മാസം മുൻപ് ആരംഭിച്ചിരുന്നു. സർവേ പൂർത്തിയായ സ്ഥലങ്ങളിൽ കുറ്റിയും സ്ഥാപിച്ചു. പാതക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ നിയമ പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കും.