പാലക്കാട് : പാലക്കാട് യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‌റ് അബ്ദുള്‍ ഹക്കീം സിപിഐഎമ്മിനൊപ്പം ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ഡോ. പി സരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി നേതാക്കള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ സരിന് വേണ്ടി വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പലരും പ്രത്യക്ഷത്തില്‍ വെളിപ്പെടുത്തുന്നില്ല എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഒരുപാട് നിരുത്സാഹപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍. ഏകാധിപത്യമായ ഒരു രാഷ്ട്രീയം വന്നു. ഡിസിസിയില്‍ അങ്ങനെ ഏകാധിപത്യമില്ല. പ്രവര്‍ത്തിക്കാതെ തടസപ്പെടുത്തുകയായിരുന്നു. അതൊക്കെ മറികടന്നാണ് നേരിട്ടെത്തിയത്. സരിന്‍ വിജയിച്ചാല്‍ അതിന്‌റെ ഒരുപാട് ഗുണങ്ങള്‍ പാലക്കാട്ടെ ജനങ്ങള്‍ക്കുണ്ടാകും. പ്രത്യക്ഷത്തിലേക്ക് വരാതെ ഒളിച്ചിരുന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം തോന്നിയില്ല. ഒരു പാര്‍ട്ടിയില്‍ നിന്നുകൊണ്ട് മറ്റൊരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ല. സീജവമായി പ്രവര്‍ത്തിക്കണമെങ്കില്‍ പാര്‍ട്ടി അംഗത്വം ആവശ്യമായിരുന്നു. അതുകൊണ്ടാണ് സിപിഐഎമ്മിനൊപ്പം ചേരാന്‍ തീരുമാനിച്ചത് അബ്ദുള്‍ ഹക്കീം പറഞ്ഞു.
ഷാഫി പറമ്പിലിന്‌റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഹക്കീമിന്‌റെ വിമര്‍ശനം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല. 24-ാം വാര്‍ഡിലേക്ക് തന്നെ വാര്‍ഡ് കൗണ്‍സിലറാക്കാനുള്ള ശ്രമം നടന്നിരുന്നു. അവസാന പട്ടികയില്‍ വരെ തന്‌റെ പേര് ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം ചിലര്‍ ചേര്‍ന്ന് പേര് വെട്ടുകയായിരുന്നുവെന്നും ഹക്കീം പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണ പരിപാടികള്‍ ശക്തമാക്കി മുന്നോട്ടുപോവുകയാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. പ്രസ്ഥാനം നന്നാവണം എന്ന് ആഗ്രഹിക്കുന്നവരെ പാലക്കാട്ടെ കോണ്‍ഗ്രസ് ചതിക്കുകയാണെന്ന് പി സരിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൂടെ നില്‍ക്കുന്നവരെ മാത്രം പിടിച്ചുയര്‍ത്തുന്ന പ്രവണതയാണ് കോണ്‍ഗ്രസിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.