കൊൽകത്ത: ലോകകപ്പിലെ പാകിസ്താൻ-ബംഗ്ലാദേശ് മത്സരത്തിനിടെ ഈഡൻ ഗാർഡനിൽ ഫലസ്തീൻ ഐക്യദാർഢ്യവുമായി പതാക വീശി. ‘ഫ്രീ ഫലസ്തീൻ’ കാമ്പയിന്റെ ഭാഗമായാണ് ഫലസ്തീൻ പതാക പ്രദർശിപ്പിച്ചതെന്നാണ് നിഗമനം.ഗ്യാലറിയിലെ ഒരു ഡെയ്‌സിൽ കയറി നിന്ന് ഫലസ്തീൻ പതാക ഉയർത്തിക്കാണിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. എന്നാൽ ഐ.സി.സി ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.ഏതു രാജ്യത്ത് നിന്നുള്ളവരാണ് ഫലസ്തീൻ ഐക്യദാർഢ്യവുമായി എത്തിയത് എന്നതിൽ വ്യക്തതയില്ല. 27000 ത്തോളം കാണികളാണ് ചൊവ്വാഴ്ച ബംഗ്ലാദേശ് -പാകിസ്താൻ മത്സരം കാണാൻ ഈഡൻ ഗാർഡനിൽ എത്തിയത്. മത്സരത്തിൽ പാകിസ്താൻ എഴുവിക്കറ്റിന് വിജയിച്ചു.