ചില പലസ്തീന്‍ ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ ‘തീവ്രവാദി’ എന്ന് ചേര്‍ത്തതില്‍ മെറ്റ ഖേദം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. അറബിക് പരിഭാഷയിലെ പിഴവാണ് സംഭവത്തിന് കാരണമെന്നും മാറ്റങ്ങള്‍ പരിഹരിച്ചുവെന്നും കമ്പനി അറിയിച്ചു. ഇത്തരമൊരു സംഭവമുണ്ടായതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് മെറ്റ വക്താവ് പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
മെറ്റയുടെ അറബിക് പരിഭാഷയിലെ പിഴവ് ഖാന്‍മാന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പുറത്തു കൊണ്ടുവന്നതോടെയാണ് സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. ബയോയില്‍ താന്‍ പലസ്തീനിയാണെന്ന് ഖാന്‍മാന്‍ രേഖപ്പെടുത്തിയിരുന്നു. ഒപ്പം പലസ്തീന്‍ പതാകയുടെ ഇമോജിക്കൊപ്പം അറബിയില്‍ അല്‍ഹംദുലില്ലാഹ് എന്നും എഴുതി. ഇത് പരിഭാഷപ്പെടുത്തിയപ്പോള്‍, ‘ദൈവത്തിന് സ്തുതി, പലസ്തീന്‍ തീവ്രവാദികള്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്നു.’ എന്നാണ് വന്നതെന്ന് ഖാന്‍മാന്‍ ചൂണ്ടിക്കാണിച്ചു. ഇതിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡും പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. താന്‍ പലസ്തീനിയല്ലെന്നും ഇന്‍സ്റ്റയില്‍ ഇത്തരമൊരു പിഴവുണ്ടെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ അത് പരിശോധിക്കുകയാണ് ചെയ്തതെന്നും ഖാന്‍മാന്‍ പറഞ്ഞു. സ്‌ക്രീന്‍ റെക്കോര്‍ഡ് വ്യാപകമായി പ്രചരിച്ചതോടെയാണ് മെറ്റ ഖേദപ്രകടനം നടത്തിയതെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ട്.
ഇസ്രായേല്‍-പലസ്തീന്‍ യുദ്ധ തുടരുന്ന സാഹചര്യത്തില്‍ പലസ്തീന്‍ പിന്തുണയുള്ള ഉള്ളടക്കങ്ങള്‍ മെറ്റ ഒഴിവാക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പലസ്തീന്‍ അനുകൂല പോസ്റ്റുകളുടെ പേരില്‍ ഇന്‍സ്റ്റാഗ്രാം ഷാഡോ ബാന്‍ ചെയ്തതായി നിരവധി പേര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. താനും ഷാഡോ ബാനിന് വിധേയയായെന്ന് പാകിസ്ഥാന്‍ എഴുത്തുകാരി ഫാത്തിമ ബൂട്ടോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അമേരിക്കന്‍ മോഡല്‍ ബെല്ല ഹദീദും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.