കൊച്ചി: മുടക്കിയതിനെക്കാൾ 489 കോടിയോളം രൂപ അധികം ലഭിച്ചിട്ടും അവസാനിക്കാതെ പാലിയേക്കര ടോൾ. ഇടപ്പള്ളി മുതൽ മണ്ണൂത്തി വരെ 62 കിലോമീറ്റർ നാലുവരി പാതക്ക് 721 കോടിയാണ് ചെലവായത്. എന്നാൽ, 2012 ഫെബ്രുവരി മുതൽ 2023 ജൂൺ വരെ കാലയളവിൽ 1210.07 കോടി പാലിയേക്കര ടോൾപ്ലാസ വഴി പിരിച്ചെടുത്തിട്ടുണ്ട്.
അധിക തുക ലഭിച്ചിട്ടും ടോൾ പിരിവ് അവസാനിപ്പിക്കില്ലെന്നാണ് അധികൃതരുടെ അറിയിപ്പ്. 2028 ജൂൺ 21 വരെ ടോൾ പിരിവ് തുടരുമെന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നു. നിലവിൽ ഇവിടെ 44.58 ലക്ഷം രൂപയാണ് പ്രതിദിന കലക്ഷൻ.
ഇതേ നിലയിൽ 2028 ജൂൺ വരെ ടോൾ പിരിച്ചാൽ ഏകദേശം 813.58 കോടി കൂടി ലഭിക്കും. ഇതുവരെ പിരിച്ച തുകയോടൊപ്പം ഇതുകൂടി ചേർത്താൽ 2023.65 കോടിയാകും. അതായത് ചെലവായതിന്റെ ഏകദേശം മൂന്നിരട്ടിയോളം. 2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. എല്ലാ വർഷവും ആഗസ്റ്റ് 31ന് ശേഷം ടോൾ നിരക്കിൽ വർധനയും വരുത്തുന്നുണ്ട്. ഇതുവരെ 11തവണ ടോൾ നിരക്ക് കൂട്ടി. 2021 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 888.04 കോടിയാണ് പിരിച്ചെടുത്തത്.
പിന്നെയുള്ള 27മാസം കൊണ്ട് 322.03 കോടിയും പിരിച്ചു. ടോൾ പിരിക്കുന്ന കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും തമ്മിലുള്ള ഒത്തുകളിയിലൂടെ സംസ്ഥാനത്തെ ജനങ്ങൾ ടോൾ കൊള്ളയിൽ നട്ടംതിരിയുകയാണെന്ന് എം.കെ. ഹരിദാസ് പ്രതികരിച്ചു.