തിരുവനന്തപുരം: കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി നടത്തിയ വിമർശനത്തിൽ പുതുമയില്ലെന്ന വിലയിരുത്തലുമായി സി.പി.എം. ഇ.എം.എസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുമ്പ് എം.ടി എഴുതിയ ലേഖനത്തിലും ഇതേ കാര്യം പരാമർശിച്ചിട്ടുണ്ട്. അതിനാൽ ഇതുസംബന്ധമായ വിവാദത്തിൽ കക്ഷി ചേരേണ്ടെന്നും സി.പി.എം വിലയിരുത്തി.
മുഖ്യമന്ത്രിയെ ആണ് എം.ടി വിമർശിച്ചത് എന്നായിരുന്നു പൊതുവെ ഉയർന്ന അഭിപ്രായം. പ്രതിപക്ഷം ഇത് സർക്കാരിനെതിരായ ആയുധമാക്കുകയും ചെയ്തു. എന്നാൽ എം.ടിയുടെത് കേന്ദ്രസർക്കാരിന് എതിരായ വിമർശനമാണ് എന്നായിരുന്നു ഇ.പി. ജയരാജന്റെ പ്രതികരണം. എന്നാൽ 20 വർഷം മുമ്പ് എഴുതിയ ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളാണ് എം.ടി വായിച്ചത് എന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.
’ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതു കൊണ്ടാണ് ഇ.എം.എസ്. സമാരാധ്യനും മഹാനായ നേതാവുമാകുന്നത്. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ്. എന്നും ശ്രമിച്ചത്. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ’ -ഇങ്ങനെയായിരുന്നു എം.ടിയുടെ വാക്കുകൾ.