ടോക്കിയോ: അമിതമായി മദ്യപിച്ച വിമാന യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ കടിച്ചതിനെ തുടര്‍ന്ന് പാതിവഴിയില്‍ വിമാനം തിരികെ പറന്നു. ബുധനാഴ്ച ടോക്കിയോയില്‍ അമേരിക്കയിലേക്ക് പറക്കുകയായിരുന്ന ഓൾ നിപ്പോൺ എയര്‍വേയ്സ് വിമാനത്തിലായിരുന്നു സംഭവം. വിമാന കമ്പനി വക്താവ് സംഭവം സ്ഥിരീകരിച്ചു. യാത്രക്കാരനെ പൊലീസിന് കൈമാറി.55 വയസുകാരനായ അമേരിക്കൻ പൗരനാണ് എയര്‍ ഹോസ്റ്റസിനെ കടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരിക്ക് ഇയാളുടെ ആക്രമണത്തിൽ ചെറിയ തോതിൽ പരിക്കേൽക്കുകയും ചെയ്തു. അമിതമായി മദ്യപിച്ച ശേഷമായിരുന്നു യാത്രക്കാരന്റെ അപ്രതീക്ഷിത പെരുമാറ്റമെന്നും വിമാനക്കമ്പനി വക്താവ് പറഞ്ഞു. 159 യാത്രക്കാരായിരുന്നു ഈ വിമാനത്തിലുണ്ടായിരുന്നത്. ജപ്പാനിലെ ഹാനെദ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം, സംഭവത്തെ തുടര്‍ന്ന് പാതി വഴിയിൽ തിരികെ പറക്കുകയായിരുന്നു. ലാന്റ് ചെയ്ത ശേഷം യാത്രക്കാരനെ പൊലീസിന് കൈമാറിയെന്ന് വിമാനക്കമ്പനി അറിയിച്ചു. അതേസമയം എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്‍മയില്ലെന്നായിരുന്നു യാത്രക്കാരന്റെ പൊലീസ് ചോദ്യം ചെയ്തപ്പോൾ യാത്രക്കാരന്റെ മറുപടിയെന്നും ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓൾ നിപ്പോൺ എയര്‍വേയ്സിന്റെ മറ്റൊരു വിമാനം കഴിഞ്ഞ ശനിയാഴ്ച യാത്രയ്ക്കിടെ തിരികെ പറന്ന സംഭവവും വാര്‍ത്തയായിരുന്നു. കോക്പിറ്റിലെ വിന്‍ഡോയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.