ന്യൂഡൽഹി∙ ഇൻഡിഗോ വിമാനത്തിലെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പരിഭ്രാന്തി സൃഷ്ടിച്ചതായി റിപ്പോർട്ട്. 2022 ഡിസംബർ 10നാണ് സംഭവം നടന്നത്. ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള ഇൻഡിഗോ 6ഇ–7339 വിമാനത്തിലാണ് എമർജൻസി വാതിൽ യാത്രക്കാരൻ തുറന്നത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് സംഭവം.
ബിജെപി യുവ എംപി തേജസ്വി സൂര്യയാണ് വാതിൽ തുറന്നതെന്ന് സഹയാത്രക്കാർ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യം വിമാനക്കമ്പനിയും ഡിജിസിഎയും സ്ഥിരീകരിച്ചിട്ടില്ല.
എമർജൻസി വാതിൽ തുറന്നത് മറ്റു യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തെ തുടർന്ന് വിമാനം രണ്ടു മണിക്കൂറോളം വൈകി. തുടർന്ന് സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് വിമാനം വീണ്ടും സർവീസ് നടത്തിയത്. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിസിഎയുടെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്.