പത്തനംതിട്ട: കായിക പരിപാടികൾക്ക് ഉപയോഗിക്കാൻ പറ്റാത്ത വിധം ജില്ല സ്റ്റേഡിയം കുളമായി. കഴിഞ്ഞ രണ്ട് മാസമായി ഇവിടം വിവിധ പരിപാടികളുടെ വേദിയായി മാറിയതോടെ സ്റ്റേഡിയം നാശോന്മുഖമായ അവസ്ഥയിലാണ്. എം.ജി യൂനിവേഴ്സിറ്റി കലോത്സവം കഴിഞ്ഞപ്പോൾ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ വേദിയായി മാറി.
ബുധനാഴ്ച മുതൽ സർക്കാറിന്‍റെ ഒന്നാം വാർഷിക ഭാഗമായുള്ള എന്‍റെ കേരളം പ്രദർശന വിപണന മേളയും കൂടി ആരംഭിച്ചതോടെ നിശ്ശേഷം തകർന്ന നിലയിലാണ്. 53,875 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് സ്റ്റാളുകളും കലാവേദികളും ഭക്ഷണശാലകളും അടക്കം വിന്യസിക്കപ്പെട്ടിരിക്കുന്നത്. സർക്കാറിന്‍റെ വിവിധ വകുപ്പുകളുടെയും മറ്റും വാഹനങ്ങളും പരിസരമാകെ നിറഞ്ഞിട്ടുണ്ട്. കായികതാരങ്ങൾക്ക് കാലുകുത്താൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. നേരത്തേ നടന്ന പരിപാടികൾക്ക് പന്തൽ നിർമിക്കാൻ എടുത്ത കുഴികളും വാഹനങ്ങൾ കയറി ഇറങ്ങിയുമാണ് കൂടുതലും നശിച്ചത്. മഴകൂടി പെയ്യുന്നതോടെ ചളിയും നിറഞ്ഞു. സ്റ്റേഡിയം തകർന്നതോടെ കായികതാരങ്ങൾക്ക് പരിശീലനം നടത്താൻ പോലും പറ്റാതെയായി.
പ്രഭാത സഞ്ചാരം നടത്താൻ പോലും ആരും എത്തുന്നില്ല. നിരവധി പേരാണ് രാവിലെയും വൈകീട്ടുമായി സ്റ്റേഡിയത്തിൽ വ്യായാമത്തിന് എത്തിയിരുന്നത്. കുട്ടികളുടെ അവധിക്കാല പരിശീലന പരിപാടികൾ പോലും ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ യു.ഡി.എഫും സ്റ്റേഡിയം സംരക്ഷണ സമിതിയും പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. നഗരസഭ കൗൺസിൽ അനുമതി ഇല്ലാതെയാണ് വിവിധ പരിപാടികൾക്ക് നൽകിയതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു. നിലവിൽ കായികേതര പരിപാടികൾക്ക് സ്റ്റേഡിയം വിട്ടുനൽകരുതെന്ന് മുനിസിപ്പൽ കമ്മിറ്റിയുടെ റൂളിൽ ഇല്ലെന്ന് നഗരസഭ ചെയർമാൻ അഡ്വ. സക്കീർഹുസൈൻ പറയുന്നു. സർക്കാർ തലത്തിലുള്ള പരിപാടികൾക്ക് സ്റ്റേഡിയം വിട്ടുകൊടുക്കേണ്ടിയും വരും. കിഫ്ബി പദ്ധതിയിൽ സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ കായികേതര പ്രവർത്തനങ്ങൾ സ്റ്റേഡിയത്തിൽനിന്ന് പൂർണമായും ഒഴിവാക്കാനാകുമെന്നാണ് ചെയർമാൻ പറയുന്നത്.