ഹൈദരാബാദ്: ആന്ധ്ര – തെലങ്കാന അതിർത്തിയിൽ പ്രതിഷേധിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിൽ. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി തടഞ്ഞതിനെത്തുടർന്ന് വാഹനവ്യൂഹത്തിൽ നിന്ന് ഇറങ്ങി പവൻ കല്യാൺ നടക്കാൻ തീരുമാനിച്ചിരുന്നു. ഇതും പൊലീസ് തടഞ്ഞതോടെ പവൻ കല്യാൺ റോഡിൽ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. ഇതിനെത്തുടർന്നാണ് പവൻ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിനെത്തുടർന്നുള്ള നാടകീയ സംഭവൾ തുടരുന്നതിനിടെയായിരുന്നു പവൻ കല്യാൺ എത്തിയിത്. വിജയവാഡയിലേക്ക് റോഡ് മാർഗം എത്താൻ ശ്രമിച്ച പവൻ കല്യാണിന്‍റെ വാഹനവ്യൂഹം ആന്ധ്രാ പൊലീസ് തടയുകയായിരുന്നു. ആന്ധ്ര – തെലങ്കാന അതിർത്തിയായ ഗാരികപടുവിൽ വച്ചാണ് പവൻ കല്യാണിന്‍റെ വാഹനവ്യൂഹം തടഞ്ഞത്. വാഹനം തടഞ്ഞതോടെ പവൻ കല്യാൺ ഇറങ്ങി നടക്കുകയായിരുന്നു. ആന്ധ്ര – തെലങ്കാന അതിർത്തിയിൽ നിന്ന് മംഗളഗിരി വരെ നടന്ന് പോകുമെന്ന് പവൻ കല്യാൺ പറഞ്ഞു. സിഐഡി ഓഫീസ് സ്ഥിതി ചെയ്യുന്ന ഓഫീസ് വരെ നടക്കുമെന്നും, പൊലീസ് തടയാമെങ്കിൽ തടയട്ടെ എന്നും പവൻ കല്യാൺ വെല്ലുവിളിച്ചിരുന്നു.
അതേസമയം, സ്കിൽ ഡെവലെപ്മെന്‍റ് പദ്ധതി കേസിൽ ചന്ദ്രബാബു നായിഡുവിനെ ഒന്നാം പ്രതിയാക്കിയെന്ന് സ്ഥിരീകരിച്ച് സിഐഡി വിഭാഗം രംഗത്തെത്തിയിരുന്നു. കേസിൽ 37-ാം പ്രതിയായിരുന്നു ചന്ദ്രബാബു നായിഡു. 2015-ൽ അന്നത്തെ ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. പി വി രമേശ് എഴുതിയ ഫയൽ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നായിഡുവിനെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ആദ്യഗഡു എത്രയും പെട്ടെന്ന് പാസ്സാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി എഴുതിയ കുറിപ്പ് സിഐഡി വിഭാഗം പുറത്തുവിടുകയായിരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ എട്ട് മണിക്കൂറുകൾ പിന്നിട്ടതോടെ എസിബി കോടതി ജഡ്ജിയുടെ വസതിയിൽ ജാമ്യാപേക്ഷയുമായി എത്തി അഭിഭാഷകർ എത്തി. എന്നാൽ ജഡ്ജിയുടെ വസതിയിലേക്ക് ഇപ്പോൾ അഭിഭാഷകർക്ക് പ്രവേശിക്കാനാകില്ലെന്ന് പൊലീസ് നിലപാടെടുത്തു. ചോദ്യം ചെയ്യലിന് ശേഷം നായിഡുവിനെ കോടതിയിൽ ഹാജരാക്കുമെന്നായിരുന്നു പൊലീസ് അറിയിച്ചത്. തുടർന്ന് അഭിഭാഷകരും പൊലീസും തമ്മിൽ ജഡ്ജിയുടെ വസതിക്ക് മുന്നിൽ വാക്കുതർക്കവും ഉണ്ടായിരുന്നു.