തിരുവനന്തപുരം : മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പി.സി.ജോർജ് പുറത്തിറങ്ങിയത്. പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിൽ ബിജെപി പ്രവർത്തകർ പി.സി.ജോർജിന് അഭിവാദ്യം അർപ്പിച്ചു.
ഒരു ദിവസമാണ് പി.സി.ജോർജ് ജയിലിൽ കിടന്നത്. പിണറായി വിജയന്റെ നടപടികൾക്കെതിരെയുള്ള മറുപടി മറ്റന്നാൾ തൃക്കാക്കരയിൽ പറയുമെന്നും ബിജെപിക്കായി പ്രചാരണം നടത്തുമെന്നും പി.സി ജോർജ് പറഞ്ഞു. കോടതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോർജിന്റെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പൊലീസിനു പരാതി നൽകിയതിനെ തുടർന്ന് പി.സി.ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്നശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ പിന്നീട് കോടതിയെ സമീപിച്ചു. തുടർന്നാണ് കോടതി ജാമ്യം റദ്ദാക്കി ജയിലിലേക്കയച്ചത്.