മാഡ്രിഡ് ∙ സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസിന്റെയും പ്രതിരോധമന്ത്രി മാർഗരീത്ത റോബിൾസിന്റെയും മൊബൈൽ ഫോണുകളിൽ നിന്നു കഴിഞ്ഞ വർഷം പെഗസസ് ചാര സോഫ്റ്റ്‍വെയർ വഴി വൻതോതിൽ വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി. 2021 മേയിൽ സാഞ്ചെസിന്റെ ഫോണിൽ നിന്നു 2 വട്ടവും ജൂണിൽ റോബിൾസിന്റെ ഫോണിൽ നിന്ന് ഒരു തവണയും വിവരം ചോർത്തിയെന്നു വ്യക്തമായി.
രാജ്യത്തിനകത്തു നിന്നാണോ വിദേശത്തു നിന്നാണോ ഇതുണ്ടായതെന്നു സർക്കാർ വ്യക്തമാക്കിയിട്ടില്ല. കാറ്റലോണിയൻ വിഘടനവാദികളെ ജയിലിൽ നിന്നു വിട്ടയച്ചതിനെക്കുറിച്ചും മൊറോക്കോയുമായുള്ള ബന്ധം സംബന്ധിച്ചും വലിയ വാദപ്രതിവാദങ്ങൾ നടന്ന സമയത്താണ് വിവരം ചോർത്തിയത്. കാറ്റലോണിയയിലെ 60 ൽ പരം വിഘടനവാദികളുടെ ഫോണുകൾ 2017 മുതൽ 2020 വരെ പെഗസസ് ഉപയോഗിച്ചു ചോർത്തിയതു സംബന്ധിച്ച വിവാദം നിലനിൽക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ.
രാജ്യത്തെ നിയമമനുസരിച്ച് കോടതിയുടെ അനുമതിയില്ലാതെ വിവരം ചോർത്താനാവില്ല. അങ്ങനെയല്ല ചെയ്തിട്ടുള്ളതെന്നു കണ്ടതിനാൽ ഇനി കോടതിയുടെ മേൽനോട്ടത്തിലായിരിക്കും കേസ് നടപടികൾ. അന്വേഷണത്തിനു കോടതി തുടക്കമിട്ടതിനു പിന്നാലെ പാർലമെന്റിന്റെ ഇന്റലിജൻസ് കാര്യസമിതിയും സംഭവം പരിശോധിക്കുന്നുണ്ട്