പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസുകളുമെത്തിക്കണമെന്ന് ആവശ്യം. നൂറുകണക്കിന് യാത്രക്കാരാണ് പെരിന്തൽമണ്ണയിലെ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിൽ യാത്രക്കെത്തുന്നത്. എന്നാൽ, പാലക്കാട് -കോഴിക്കോട് പാതയിൽ യാത്ര ചെയ്യേണ്ടവർക്ക് ഇവിടെനിന്ന് ബസ് കിട്ടില്ല. യാത്രക്കാർ ഏറെയുണ്ടെങ്കിലും 100 മീറ്റർ സമീപം ദേശീയപാതയിൽ വേണ്ടത്ര യാത്രക്കാരില്ലാതെ കെ.എസ്.ആർ.ടി.സി ബസുകൾ പോവുന്നതും കാണാം. ആ ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിൽ കയറുന്നതിന് വഴിയൊരുക്കണമെന്നാണ് ആവശ്യം.
മിക്ക മുനിസിപ്പൽ, പഞ്ചായത്ത് ബസ് സ്റ്റാൻഡുകളിലും കെ.എസ്.ആർ.ടി.സി ബസുകൾ കയറിയിറങ്ങുന്നുണ്ട്. ടൗണിൽനിന്ന് മാറിയാണ് സ്റ്റാൻഡ് എന്നതിനാൽ അവിടെ വന്നിറങ്ങുന്നവർക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വരുന്നതിനേക്കാൾ കെ.എസ്.ആർ.ടി.സി ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിൽ എത്തിക്കുന്നതാണ് സൗകര്യം. ഇത് സ്ത്രീകൾക്കും കുട്ടികൾക്കും ദീർഘദൂര യാത്രക്കാർക്കും ഏറെ സഹായകമാകും. അതേസമയം, ഇത് സ്വകാര്യ ബസുകൾക്കും ഗുണമാവും. ദീർഘദൂര സർവിസിൽ പെരിന്തൽമണ്ണയിൽ എത്തുന്നവർക്ക് അതത് പ്രദേശത്തേക്ക് പോവാനും സൗകര്യമാണ്.
പുതിയ മൂസക്കുട്ടി മുനിസിപ്പൽ സബ് സ്റ്റാൻഡിൽ വേണ്ടത്ര സ്ഥല സകര്യമുണ്ട്. അതേസമയം, കെ.എസ്.ആർ.ടി.സി ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിലെത്തുന്നത് ഗതാഗതക്കുരുക്ക് കൂട്ടുമെന്നാണ് സ്വകാര്യ ബസ് ഉടമ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.