കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ ഫെബ്രുവരി രണ്ടിന് തുടങ്ങും. ഹാജരാവേണ്ട സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കൈമാറി. ഇവർക്ക് ഉടൻ സമൻസ് അയക്കും. 54 സാക്ഷികളുടെ വിസ്താരത്തിനുള്ള തീയതികളും പേരും അടങ്ങുന്ന പട്ടികയാണ് കോടതിക്ക് നൽകിയത്. പ്രതിഭാഗം സാക്ഷികളുടെ പട്ടിക നൽകിയിട്ടില്ല.
ഒന്നാം പ്രതി പീതാംബരനെ വിചാരണക്കോടതിയെ അറിയിക്കാതെ കണ്ണൂർ ജില്ല ആയുർവേദ ആശുപത്രിയിലേക്കു മാറ്റിയ സംഭവം വിവാദമായിരുന്നു. പിന്നീട് ജയിൽ അധികാരികളുടെ അപേക്ഷയിൽ മുഴുവൻ പ്രതികളെയും വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്കു മാറ്റാൻ സി.ബി.ഐ കോടതി അനുമതി നൽകി.
2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികൾ രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് കൊലനടത്തിയെന്നാണ് സി.ബി.ഐ കേസ്. ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനടക്കം 24 പ്രതികളാണ് കേസിലുള്ളത്.




















