ആലുവ: പെരിയാര്‍ കരകവിഞ്ഞതോടെ മണപ്പുറത്തും ക്ഷേത്രത്തിലും വെള്ളം കയറി. ശക്തമായ മഴയില്‍ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് നദി കര കവിഞ്ഞത്. ചൊവ്വാഴ്ച രാവിലെ മുതല്‍ സമുദ്ര നിരപ്പില്‍നിന്ന് ഒരു മീറ്റര്‍ ഉയരത്തിലായിരുന്നു പുഴ. ഭൂതത്താന്‍ കെട്ട് ഡാമില്‍ നിന്നടക്കം വെള്ളം ഒഴുകിയെത്തിയതോടെ മണപ്പുറത്തേക്കും കയറുകയായിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ വെള്ളം ഒന്നര മീറ്റര്‍ ഉയരത്തിലെത്തി. ഇത് രണ്ട് മീറ്ററായാല്‍ മണപ്പുറം പൂര്‍ണമായും മുങ്ങും. ക്ഷേത്രത്തിലും കൂടുതല്‍ വെള്ളം കയറും. ഡാമില്‍ നിന്ന് മഴവെള്ളം ഒഴുകി വന്നു തുടങ്ങിയതോടെ പുഴയില്‍ ചളിയുടെ അളവ് വര്‍ധിച്ചിട്ടുണ്ട്. എങ്കിലും ജല ശുചീകരണത്തെ ബാധിച്ചിട്ടില്ലെന്ന് ആലുവ ജല ശുചീകരണ ശാല അധികൃതര്‍ പറഞ്ഞു. കനത്ത മഴയില്‍ തുമ്പിച്ചാല്‍ ജലസംഭരണി കവിഞ്ഞൊഴുകിയതോടെ കുട്ടമശ്ശേരി – തടിയിട്ട് പറമ്പ് റോഡില്‍ വെള്ളം കയറി.