തൃശൂർ∙ തൃശൂർ പൂരം ഇലഞ്ഞിത്തറ മേള പ്രമാണി സ്ഥാനത്തുനിന്നും പാറമേക്കാവ് ദേവസ്വം നീക്കിയതിൽ പ്രതികരണവുമായി പെരുവനം കുട്ടൻ മാരാര്‍. സംഭവിക്കുന്നതെന്തും നല്ലതിനെന്ന് അദ്ദേഹം പറഞ്ഞു.‘‘എന്റെ വലിപ്പം മേളങ്ങളുടെ വലിപ്പമാണ്. പ്രമാണം വഹിക്കാൻ കഴിഞ്ഞ പൂരങ്ങളുടെ വലിപ്പമാണ് എന്റേത്. കിഴക്കൂട്ട് അനിയന്‍ മാരാർ നല്ല കലാകാരനാണ്. എല്ലാവർക്കും അവസരം വേണം. എന്റെയും പാറമേക്കാവ് ദേവസ്വത്തിന്റെയും നല്ലതിനായിരിക്കും തീരുമാനം. എന്നും പാറമേക്കാവ് ദേവസ്വത്തിന്റെ ഭാഗമായി തുടരും’’– അദ്ദേഹം പറഞ്ഞു.
വേല സമയത്തുണ്ടായത് ആശയക്കുഴപ്പം മാത്രമെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ദിവസമാണ് പെരുവനം കുട്ടൻ മാരാരെ തൃശൂർ പൂരം ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്തുനിന്ന് നീക്കിയത്. കിഴക്കൂട്ട് അനിയൻ മാരാരാണ് പുതിയ പ്രമാണി. 24 വർഷത്തിനു ശേഷമാണു കുട്ടൻ മാരാർ പുറത്തു പോകുന്നത്. വെള്ളിയാഴ്ച വേല എഴുന്നള്ളിപ്പിൽ ഭഗവതിയെ എഴുന്നള്ളിച്ച ശേഷം മേളം വൈകിച്ചതും ചെണ്ട താഴെ വച്ചതുമാണു പ്രശ്നത്തിനിടക്കായത്.