ഇസ്‍ലാമബാദ് : പാക്കിസ്ഥാനിലെ പെഷാവര്‍ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. ഇരുന്നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റ പത്തുപേരുടെ നില അതീവ ഗുരുതരമാണ്. ചാവേറുകള്‍ പള്ളിക്കുള്ളില്‍ കടന്ന് സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനം നടന്ന ജാമിയ മുസ്‍ലിം പള്ളി അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലാണ്. മാർക്കറ്റ് പ്രദേശമായതിനാൽ വലിയ ആൾക്കൂട്ടമുള്ള സ്ഥലമാണിത്. മരണസംഖ്യ ഉയരാനാണു സാധ്യതയെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പള്ളിക്കുള്ളിൽ രണ്ടു ചാവേറുകളാണു കടന്നുകൂടിയതെന്ന് പെഷാവർ എസ്എസ്പി ഹാരൂൺ റഷീദ് ഖാൻ പറഞ്ഞു. പുറത്ത് കാവലുണ്ടായിരുന്ന പൊലീസുകാരിലൊരാളെ വെടിവച്ചു കൊന്ന ശേഷമാണ് അവർ അകത്തു കടന്നത്. തൊട്ടു പിന്നാലെ ഉഗ്രസ്ഫോടനമുണ്ടായി.