കൊച്ചി ∙ പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലുള്ള പിവിആർ നേച്ചർ പാർക്ക് വീണ്ടും തുറക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. ഓൾ കേരള റിവർ പ്രൊട്ടക്‌ഷൻ കൗൺസിൽ മുൻ ജനറൽ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ ടി.വി.രാജൻ നൽകിയ ഹർജി ജസ്റ്റിസ് മുരളി പുരുഷോത്തമനാണു പരിഗണിക്കുന്നത്. പൊതുജനസുരക്ഷയ്ക്ക് ഭീഷണിയാണെന്നും സമീപവാസികളെ ബാധിക്കുന്നതാണെന്നും വിലയിരുത്തി കലക്ടറും റവന്യു അധികൃതരും പാർക്ക് അടച്ചു പൂട്ടാൻ നേരത്തെ നിർദേശിച്ചിരുന്നു.
കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചത്. പാർക്ക് സുരക്ഷിതമാണെന്നുറപ്പു വരുത്താനുള്ള പഠനങ്ങളോ പരിശോധനകളോ നടത്താതെയാണ് വീണ്ടും തുറക്കാൻ അനുമതി നൽകി സർക്കാർ ഓഗസ്റ്റിൽ ഉത്തരവിറക്കിയതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.
പാർക്ക് വീണ്ടും പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം. ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ പാർക്കിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നും, ഈ മേഖലയിലെ മണ്ണിടിച്ചിലിനുള്ള സാധ്യത പഠിക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയോ ഇവർ നിർദേശിക്കുന്ന മറ്റേതെങ്കിലും ഏജൻസിയെയോ നിയോഗിക്കാൻ സർക്കാരിനു നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.