ദില്ലി : രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധന വിലവർധനയെപ്പറ്റി ചോദിച്ച മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് ബാബ രാംദേവ്. 2014ൽ കോൺഗ്രസിനെ അധികാരത്തിൽ നിന്നു പുറത്താക്കിയാൽ പെട്രോൾ വില 40ലെത്തും എന്ന് രാംദേവ് അന്ന് പറഞ്ഞിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് രാംദേവ് മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ടത്.
“അതെ, ഞാനങ്ങനെ പറഞ്ഞു. എന്ത് ചെയ്യാൻ പറ്റും? ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കരുത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞാനാരാ നിങ്ങളുടെ കോൺട്രാക്ടറാണോ? ദയവായി മിണ്ടാതിരിക്കൂ. ഇത് വീണ്ടും ചോദിച്ചാൽ, അത് നല്ലതല്ല. ഇങ്ങനെ സംസാരിക്കരുത്. നിങ്ങൾ ഒരു നല്ല മാതാപിതാക്കളുടെ മകനായിരിക്കുമല്ലോ.”- രാംദേവ് പറഞ്ഞു.
2014ൽ ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് രാംദേവ് പെട്രോൾ വില 40ലെത്തുമെന്ന് അറിയിച്ചത്. “പെട്രോളിൻ്റെ വില 35 ആണെന്ന ഒരു പഠനം എന്നോടുണ്ട്. അതിൽ 50 ശതമാനം ടാക്സ് ഏർപ്പെടുത്തിയിരിക്കുകയാണ്. ടാക്സ് ഒരു ശതമാനത്തിലേക്ക് വന്നാൽ പെട്രോൾ വില കുറയും. ഞാൻ ഇത്ര സാമ്പത്തിക ശാസ്ത്രമൊക്കെ പഠിച്ചിട്ടുണ്ട്.”- വിഡിയോയിൽ രാംദേവ് പറയുന്നു.