കൊച്ചി: മയക്കുവെടിവെച്ച് പിടികൂടുകയും പിന്നീട് ചെരിയുകയും ചെയ്ത തണ്ണീർക്കൊമ്പന്‍റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയെന്ന് ആരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി. കാട്ടാനയുടെ ജഡത്തിന് മുന്നിൽ നിന്ന് ചിത്രം പകർത്തിയ കേരള വനം വകുപ്പിലെ 14 ഉദ്യോഗസ്ഥരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്‌ത് വിചാരണ ചെയ്യണമെന്നാണ് ആവശ്യം.
അനിമൽ ലീഗൽ ഫോഴ്സ് എന്ന സംഘടനക്ക് വേണ്ടി ജനറൽ സെക്രട്ടറി എയ്ഞ്ചൽസ് നായർ ആണ് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോക്ക് പരാതി നൽകിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരത്തിൽ ചിത്രം പകർത്തുന്നത് കുറ്റകരമാണ്. സംരക്ഷിക്കേണ്ടവർ തന്നെ നിയമം ലംഘിക്കുന്നത് വളരെ ഹീനമായ പ്രവൃത്തിയും ഗുരുതരമായ കുറ്റവുമാണെന്നും ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
വന്യജീവികളുടെ ജഡമോ ഭാഗമോ സ്വന്തം ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് വന്യജീവികളെ വേട്ടയാടുന്നത് പ്രോത്സാഹിപ്പിക്കുന്നതാണെന്നും അങ്ങനെ ചെയ്യുന്ന പ്രവൃത്തിയെ വന്യജീവി സംരക്ഷണ നിയമത്തിലെ വേട്ടയാടൽ പരിധിയിൽ ഉൾപ്പെടുത്തുന്നുവെന്നുമാണ് വന മന്ത്രലയം ഉത്തരവ്. മൂന്ന് മുതൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ച മാനന്തവാടിയിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടി കർണാടക വനം വകുപ്പിന് കൈമാറിയ തണ്ണീർകൊമ്പനാണ് ശനിയാഴ്ച പുലർച്ചെ ബന്ദിപ്പൂരിൽ ചെരിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇടത് തുടയിലുള്ള കാലപ്പഴക്കമുള്ള മുഴ പഴുത്ത നിലയിലായിരുന്നു. ക്ഷയം ബാധിച്ച ആനക്ക് ശ്വാസകോശത്തിൽ നീർക്കെട്ടുമുണ്ട്. ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ആൾക്കൂട്ടത്തിനിടയിലുണ്ടായ സമ്മർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതം മരണകാരണമായി. മറ്റ് പല അസുഖങ്ങളാലും ആന ക്ഷീണിതനായിരുന്നുവെന്നും അണുബാധയുണ്ടായിരുന്നുവെന്നും വെറ്ററിനറി സർജൻ അജേഷ് മോഹൻദാസ് പറഞ്ഞു.
തണ്ണീർക്കൊമ്പനെ ബന്ദിപ്പൂർ രാമപുരയിലെ ക്യാമ്പിലാണ് എത്തിച്ചത്. ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ കുഴഞ്ഞു വീണ ആന പിന്നീട് ചെരിയുകയായിരുന്നു. ക്യാമ്പിൽ എത്തിച്ച ആനക്ക് ശാരീരിക ബുദ്ധിമുട്ടുകൾ കണ്ടതിനാൽ നിരീക്ഷിച്ച് ചികിത്സ നൽകിയ ശേഷം വനത്തിൽ വിടാനായിരുന്നു കർണാടക വനം വകുപ്പിന്റെ തീരുമാനം. മയക്കുവെടി വെച്ച ആനക്ക് ആവശ്യത്തിന് കുടിവെള്ളം നൽകാത്തതിലും വിവിധ മേഖലകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.