പലതരത്തിലുള്ള വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത് ചിലപ്പോൾ രസകരമായതാവാം, വേദനിപ്പിക്കുന്നതാവാം, അതുമല്ലെങ്കിൽ സ്നേഹത്തിന്റെ, ദയയുടെ, അനുകമ്പയുടെ ഒക്കെ കഥ പറയുന്നതാവാം. അതുപോലെ ഒരു വീഡിയോ ആണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. നമുക്കറിയാം, പലയിടങ്ങളിലും പട്ടം കഴുത്തിലും മറ്റും കുരുങ്ങി ആളുകൾക്ക് അപകടം സംഭവിക്കാറുണ്ട്. മനുഷ്യർക്ക് മാത്രമല്ല, പക്ഷികൾക്കും അതുവഴി അപകടം സംഭവിക്കാറുണ്ട്. അതുപോലെ അപകടം സംഭവിച്ച ഒരു പക്ഷിയെ രക്ഷിക്കാനായി ഒരു ട്രാഫിക് പൊലീസുകാരൻ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
ശ്രീ പ്രേം സിങ് എന്നാണ് പൊലീസുകാരന്റെ പേര്. ജയ്‍പൂരിലാണ് സംഭവം നടന്നത്. പൊലീസുകാരൻ പെട്ടെന്ന് ഒരു പ്രാവ് പട്ടത്തിന്റെ നൂലിൽ കുടുങ്ങിയതായി കാണുകയായിരുന്നു. എന്തെങ്കിലും പെട്ടെന്ന് ചെയ്തേ തീരൂ എന്ന് ഉടനെ തന്നെ അദ്ദേഹത്തിന് തോന്നി. അതിന് വേണ്ടി അദ്ദേഹം വാഹനങ്ങൾക്കിടയിലൂടെ നടന്നു പോയി. അതുവഴി വരികയായിരുന്ന ഒരു ബസിന്റെ അടുത്തേക്കായിരുന്നു അദ്ദേഹം നേരെ ചെന്നത്. പിന്നീട് കൈ കാണിച്ച് ആ ബസ് അവിടെ നിർത്തിച്ചു. ശേഷം ബസിലുള്ള ആൾക്കാർക്ക് പ്രാവിന്റെ അവസ്ഥ കാണിച്ച് കൊടുത്തു.
പിന്നാലെ അദ്ദേഹം നേരെ ബസിന്റെ മുകളിൽ കയറി. ആ സമയത്തെല്ലാം മുകളിലായി പട്ടത്തിൽ കുരുങ്ങി നിൽക്കുകയായിരുന്നു പ്രാവ്. പൊലീസുകാരൻ ആ പ്രാവിനെ എടുക്കുകയും ബസിന്റെ താഴെ നിൽക്കുന്നവർക്ക് കൈമാറുകയും ചെയ്തു. പിന്നീട്, അതിലൊരാൾ പ്രാവിന്റെ ദേഹത്ത് നിന്നും പട്ടത്തിന്റെ നൂൽ മാറ്റുന്നത് കാണാം.
വീഡിയോ വളരെ പെട്ടെന്ന് തന്നെ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിലൂടെ പ്രചരിച്ചു. നിരവധിപ്പേരാണ് ട്രാഫിക് പൊലീസുകാരനെ അഭിനന്ദിച്ച് കൊണ്ട് കമന്റുകൾ ഇട്ടത്.