തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിഷു ആശംസകൾ നേർന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പുലരിയെ വരവേൽക്കുന്ന വിഷു ആഘോഷം നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വർധിപ്പിക്കുന്നതാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ കാർഷിക സംസ്കാരത്തിന്റെ പ്രാധാന്യം വിഷു ഓർമിപ്പിക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരുന്ന നാടിന്റെ കാർഷിക പാരമ്പര്യത്തെ ആവേശപൂർവം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെൽകൃഷിയും പച്ചക്കറി ഉൽപാദനവുമെല്ലാം വീണ്ടും മികവിലേക്ക് ഉയരുന്നു.
സമൂഹത്തിന്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തിൽ സ്നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് വിഷു ആഘോഷിക്കാം. കോവിഡ് തീർത്ത പ്രതിസന്ധികളുടെ നാളുകൾ മറികടന്നു പുതിയ കുതിപ്പിനായി കേരളം തയാറെടുക്കുകയാണ്. നാടിന്റെ സമഗ്രവും സർവതല സ്പർശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താൻ നമുക്ക് കൈകോർക്കാം. വിഷുവിന്റെ സന്ദേശം പരസ്പരം പങ്കുവച്ച് ശോഭനമായ പുതിയ കാലത്തേക്ക് ഉറച്ച കാൽവയ്പുകളുമായി മുന്നേറാം – അദ്ദേഹം പറഞ്ഞു.