പത്തനംതിട്ട : കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ കടക്കെണിയില്‍ കുടുങ്ങി നിരവധിപേര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആയിരക്കണക്കിന് കോടികള്‍ മുടക്കിയുള്ള കെ റെയില്‍ പദ്ധതി ജനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധു. കേരളത്തിന്റെ മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍, മറിച്ച് കേരളത്തിന്റെ നീറോ ചക്രവര്‍ത്തിയാണ് സഖാവ് പിണറായി വിജയനെന്നും പഴകുളം മധു പറഞ്ഞു. റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയുടെ പുതിയ അവതാരമാണ് പിണറായി വിജയന്‍. ന്യുസ് കേരള 24ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പഴകുളം മധുവിന്റെ രൂക്ഷ വിമര്‍ശനം. ജനങ്ങളെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുവാന്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക മാത്രമാണ് പോംവഴി. ലോണുകള്‍ മുഴുവനായോ ഭാഗികമായോ എഴുതിത്തള്ളണം. ജീവിതമാര്‍ഗ്ഗം ഇല്ലാതായവര്‍ക്ക് അഞ്ചു വര്‍ഷ കാലാവധിയില്‍ പലിശരഹിത വായ്പ്പ സബ്സിഡിയോടുകൂടി നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം.
ആയിരക്കണക്കിന് കോടികള്‍ മുടക്കി നടപ്പിലാക്കുന്ന കെ റെയില്‍ പദ്ധതിയിലൂടെ കേരളം രണ്ടായി വിഭജിക്കുകയാണ്. ഈ പദ്ധതിക്ക് ചെലവാക്കുന്ന പണം കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് നേരിട്ടുനല്കിയാല്‍ പതിനായിരക്കണക്കിനു കുടുംബങ്ങളില്‍ സന്തോഷത്തിന്റെ തിരിനാളം തെളിയും. കൂട്ട ആത്മഹത്യയില്‍ നിന്നും നിരവധി കുടുംബങ്ങളെ രക്ഷിക്കുവാന്‍ കഴിയുമെന്നും അഡ്വ.പഴകുളം മധു പറഞ്ഞു. വോട്ടുചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങള്‍ പട്ടിണിയും കടക്കെണിയും നിമിത്തം ദിവസേന ആത്മഹത്യ ചെയ്യുകയാണ്. വ്യാപാരികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ ദിനംപ്രതി ജീവനൊടുക്കുമ്പോള്‍ ഇതൊന്നും കാണാതെയാണ് പിണറായി വിജയന്‍റെ ഓരോ നീക്കവും. ജനങ്ങളുടെ ക്ഷേമം നടപ്പിലാക്കേണ്ട മുഖ്യമന്ത്രി അധികാര ധൂര്‍ത്ത് നടത്തുകയാണ്.
കേരളത്തിലെ ആരോഗ്യമേഖല നമ്പര്‍ വണ്‍ എന്ന് കൊട്ടിഘോഷിച്ച പിണറായി വിജയന്‍ ചികിത്സക്ക് ആശ്രയിക്കുന്നത് വിദേശരാജ്യങ്ങളിലെ ആശുപത്രികളെയാണ്. മന്ത്രി വീണാ ജോര്‍ജ്ജിനെയും ആരോഗ്യ വകുപ്പിനെയും മുഖ്യമന്ത്രിക്ക് തെല്ലും വിശ്വാസമില്ലെന്ന് ഇതിലൂടെ വ്യക്തമാണെന്നും മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ സാധാരണ ജനങ്ങള്‍ എങ്ങനെ ചികിത്സ തേടുമെന്നും പഴകുളം മധു ചോദിച്ചു.