പാലക്കാട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോഗിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കോൺഗ്രസും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ നീക്കം നടത്തുന്നു. സർക്കാരിൻ്റെ വികസന ഇടപെടലാണ് ഇതിന് കാരണം. പ്രധാന പദ്ധതികളെ തടസപ്പെടുത്താൻ നീക്കം നടക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറുന്നു. യോജിച്ച പ്രവർത്തനത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ല. വികസനം ഇപ്പോൾ വേണ്ട എന്നാണ് നിലപാട്. രാഷ്ട്രീയ വിരോധം വച്ചാണ് ഈ നിലപാടുകൾ അവർ സ്വീകരിക്കുന്നത്. എല്ലാം എതിർക്കുന്നത് ജനം അംഗീകരിക്കില്ല. വികസനപദ്ധതികൾ സർക്കാർ നിറവേറ്റും.
മുസ്ലീം ലീഗ് വർഗീയമായി കാര്യങ്ങൾ കൊണ്ടുപോകുന്നു. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രവാദികളാണ്. അത് മറച്ച് വെച്ച് പാരിസ്ഥിതിക വിഷയങ്ങൾ പറയുന്നു. കേരളത്തിൽ വലിയ ക്രിസ്ത്യൻ സ്നേഹവുമായി ചുറ്റിത്തിരിയുന്ന സംഘ പരിവാർ രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു. ക്രിസ്തുമസ്സ് കാലത്ത് ക്രിസ്ത്യാനികൾക്കു നേരെ സംഘ പരിവാർ ആക്രമണമുണ്ടായി. കേന്ദ്ര സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ വർഗ്ഗീയവത്കരിക്കുന്നു. വർഗീയ ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നത്. മതാടിസ്ഥാനത്തിൽ പൗരത്വ ഭേദഗതി കൊണ്ടുവരുന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമം തുടരുന്നു. കേന്ദ്ര സർക്കാർ രാജ്യത്തിൻെറ ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നു. പാർലമെൻററി ജനാധിപത്യം തകർക്കാൻ നോക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. പാലക്കാട്ട് സിപിഎം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.