കുറവിലങ്ങാട്> സ്‌കൂളുകളിൽ വായന നിർബന്ധമാക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറവിലങ്ങാട്ടെ പ്രഭാതയോഗത്തിലുയർന്ന നിർദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വായന സ്‌കൂൾ കരിക്കുലത്തിന്റെ ഭാഗമാക്കുന്നതും സർക്കാർ ആലോചിക്കും. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉന്നതവിദ്യാഭ്യാസത്തിന്റെ നവീകരണത്തിനാണ് മുൻഗണന കൊടുത്തത്. കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീങ്ങുന്നത്. നിലവിലുള്ള പ്രശ്‌നങ്ങൾ സർക്കാർ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ലാബുകളും ലൈബ്രറികളും പോലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
വിദേശരാജ്യങ്ങളിലെ പോലെ ഈ സൗകര്യങ്ങൾ വിദ്യാർഥികൾക്ക് എപ്പോഴും ഉപയോഗിക്കാനാകാവുന്ന തരത്തിൽ മാറ്റും. ഇക്കാര്യത്തിൽ സർവകലാശാലകളുമായി ചർച്ച നടത്തി. ഉന്നതവിദ്യാഭ്യാസത്തിന്റെ മാറ്റം സംബന്ധിച്ച് പഠനങ്ങൾ നടക്കുകയാണ്. അവയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.സാങ്കേതിക മേഖലയിൽ മികച്ച കോഴ്‌സുകൾ തുടങ്ങി.കുട്ടികൾ പുറംനാടുകളിലേക്ക് പോകുന്നതിൽ ആശ്‌ചര്യപ്പെട്ടിട്ട് കാര്യമില്ല. കാലത്തിന്റെ മാറ്റമാണത്. അത് തടയാനല്ല, അവർക്കു വേണ്ടി ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കാനാണ് ശ്രമിക്കേണ്ടത്. തൊഴിൽ കേന്ദ്രീകൃതമായ പഠനത്തിലേക്ക് നമ്മൾ കൂടുതലായി മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.