ന്യൂഡൽഹി∙ അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ മർദിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ എതിർത്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അരുണാചൽ പ്രദേശിലെ ചൈനീസ് അതിക്രമത്തെക്കുറിച്ചു വിശദീകരിക്കുമ്പോഴാണ് ഇന്ത്യൻ സൈനികരെ ‘പ്രഹരിച്ചെ’ന്ന് രാഹുൽ ഗാന്ധി പരാമർശിച്ചത്. എന്നാൽ, ഇന്ത്യൻ സൈനികരുമായി ബന്ധപ്പെട്ട് ഇത്തരമൊരു പദപ്രയോഗം നടത്തുന്നത് ശരിയല്ലെന്ന് പാർലമെന്റിൽ സംസാരിക്കവെ ജയശങ്കർ അഭിപ്രായപ്പെട്ടു.
‘‘രാഷ്ട്രീയമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും രാഷ്ട്രീയ വിമർശനങ്ങൾക്കു ഞങ്ങൾ എതിരല്ല. എന്നാൽ നമ്മുടെ ജവാന്മാരെ നേരിട്ടോ അല്ലാതെയോ വിമർശിക്കുന്നത് ശരിയല്ലെന്നാണ് ഞാൻ കരുതുന്നത്. യാങ്ട്സെയിൽ 13,000 അടി മുകളിലാണ് നമ്മുടെ ജവാന്മാർ അതിർത്തിക്കു കാവൽ നിൽക്കുന്നത്. അവരെ വിശേഷിപ്പിക്കാൻ ഇത്തരം വാക്കുകൾ ഉപയോഗിക്കരുത്’’ – ജയശങ്കർ കൂട്ടിച്ചേർത്തു.
ചൈന ഇന്ത്യയ്ക്കെതിരെ യുദ്ധത്തിന് കോപ്പുകൂട്ടുന്നുവെന്നും മോദി ഭരണകൂടം ‘ഉറങ്ങുക’യാണെന്നും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ ജയ്പുരിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ചൈനീസ് സൈനികർ ഇന്ത്യൻ സൈന്യത്തെ മർദ്ദിച്ചെന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് രാഹുൽ ഗാന്ധിയെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.